Politics

പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പരാമർശവും രാഹുൽ തള്ളി. അദ്ദേഹം പൊലീസിന് പൊളിറ്റിക്കൽ ഡയറക്ഷൻ കൊടുക്കുകയാണ്. ചിലരുടെ കമന്റ് ഞാൻ റെക്കോർഡ് ചെയ്തുവെച്ചിട്ടുണ്ട്. മുൻ എംഎൽഎ എന്തിനാണ് രാത്രി വാതിൽ തുറന്നുകൊടുക്കേണ്ടത്? കെ കെ ശൈലജയുടെ മുറിയിൽ പൊലീസുകാർ ഇത്തരത്തിൽ കയറിയാൽ സിപിഎഐഎം പൊലീസ് സ്റ്റേഷൻ കത്തിക്കില്ലേ? എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനങ്ങൾ ഇരുപതാം തീയതി ഇതിനെതിരെ പ്രതികരിക്കുമെന്നും രാഹുൽ മറുപടി നൽകി.

പൊലീസ് പരിശോധനയിൽ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തുവന്നിരുന്നു. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്നത് പൊലീസ് അതിക്രമം. പൊലീസിനെ കയറൂരി വിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കും. ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാലക്കാട്ടേയ്ക്ക് തിരിക്കുമെന്നും തുടർ പ്രതിഷേധ പരിപാടികൾ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

ആസൂത്രിതമായ സംഭവമായിരുന്നു ഇതെന്നും സുധാകരൻ ആരോപിച്ചു. വനിതാ പ്രവർത്തകരെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചു. എന്തടിസ്ഥാനത്തിലാണ് അവർ കയറാനുള്ള ധൈര്യം കാണിച്ചത്? മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നുവെന്നും ഈ മ്ലേച്ഛമായ സംഭവത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരൻ പറഞ്ഞു. അന്തസും ആണത്തവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസ് കാണിച്ചതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

അനധികൃത ഇടപാടില്ലെങ്കിൽ എന്തിനാണ് ഭയക്കുന്നതെന്ന ടിപി രാമകൃഷ്ണന്റെ ചോദ്യത്തിന് അധിക്ഷേപ രൂപത്തിലായിരുന്നു മറുപടി. നേതാക്കന്മാരായാൽ ബുദ്ധിയും വിവരവും ചിന്തിക്കാൻ കഴിവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടൻ പോലത്തെ രാമകൃഷ്ണൻ വായിൽതോന്നിയത് സംസാരിക്കുന്നതല്ല രാഷ്രീയമെന്നും സുധാകരൻ മറുപടി നൽകി.

About the author

KeralaNews Reporter

Add Comment

Click here to post a comment