Kerala

ശ്രീനിവാസൻ വധക്കേസിൽ മറുപടി പറയേണ്ടത് ബിജെപിയെന്ന് സന്ദീപ് വാര്യർ

ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസില്‍ 17പ്രതികള്‍ക്ക് ഹൈകോടതിയില്‍ നിന്നും ജാമ്യം കിട്ടിയ വിഷയത്തില്‍ മറുപടി പറയേണ്ടത് ബി.ജെ.പി നേതൃത്വമാണെന്ന് സന്ദീപ് വാര്യർ.

ഈ വിഷയം തെരഞ്ഞെടുപ്പിന്റെ ഇടവേളയില്‍ തന്നെ ഞാൻ ഉന്നയിച്ചതാണ്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായി.

അതാണിപ്പോള്‍ സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത്. ശ്രീനിവാസൻ വധക്കേസില്‍ പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്കും ജാമ്യം നല്‍കിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതി രംഗത്ത് വന്നിരിക്കുകയാണ്. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈകോടതിക്ക് പിഴവ് പറ്റിയെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപ് വാര്യർ.

ഹൈകോടതിയില്‍ താരതമ്യേന ജൂനിയറായ ആളാണ് ഹാജരായത്. അതാണ്, യു.എ.പി.എ കേസില്‍ ജാമ്യം നേടുന്ന സാഹചര്യം ഉണ്ടാക്കിയത്. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി പറയേണ്ടത് കേരളത്തിലെ ബി.ജെ.പി നേതൃത്വം തന്നെയാണ്. ഈ കേസ് അന്വേഷിച്ചത് എൻ.ഐ.എയാണ്. അതാകട്ടെ, കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള അന്വേഷണ ഏജൻസിയാണ്. കേരളത്തില്‍ കേസ് നടത്തുന്ന വേളയില്‍ നടന്ന ഗുരുതരമായ വീഴ്ചയുണ്ടായി.

അതൊരു വീഴ്ചയാണോ ആസുത്രിതമായി നടന്നതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൈകോടതിയില്‍ നിന്നും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ തന്നെ സംശയം ഉന്നയിച്ചതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇതില്‍, ബി.ജെ.പി നേതൃത്വം മറുപടി പറയാൻ സാധ്യതയില്ല. പകരം എനിക്കെതിരെ ആക്ഷേപം ചൊരിയുകയാണുണ്ടാവുക. എന്തായാലും ആരാണ് ഒത്തുകളിച്ചതെന്ന് ബി.ജെ.പി നേതൃത്വമാണ് പറയേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.