Politics

കരുനാഗപ്പള്ളിയിലെ വിഭാഗീയത, തിടുക്കപ്പെട്ട് നടപടിയുണ്ടാകില്ലെന്ന് സിപിഎം നേതൃത്വം

കരുനാഗപ്പള്ളിയില്‍ വിഭാഗീയതയെ തുടർന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി.

വിഭാഗീയ പ്രശ്നങ്ങള്‍ കയ്യാങ്കളിയിലേക്ക് നീളുന്നത് പാർട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ .തീരുമാനം. അതിനിടെ സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ നേതാക്കള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി

സിപിഎം കരുനാഗപ്പള്ളി എരിയ കമ്മിറ്റിക്ക് കീഴിലെ മിക്ക ലോക്കല്‍ സമ്മേനങ്ങളും വിഭാഗീയ പ്രശ്നങ്ങള്‍ കാരണം കയ്യാങ്കളിയിലാണ് കലാശിച്ചത്. ഇന്നലെ കുലശേഖരപുരം നോർത്ത് ലോക്കല്‍ സമ്മേളനവും ആലപ്പാട് നോർത്ത് സമ്മേളനവും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടു. ലോക്കല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നതോടെയായിരുന്നു തർക്കം. സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാല്‍, കെ. സോമപ്രസാദ് എന്നിവർക്കെതിരെയും ഒരു വിഭാഗം മുദ്രാവാക്യം ഉയർത്തിയിരുന്നു. ലോക്കല്‍ സമ്മേളനങ്ങളിലെ പോർവിളി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍, ഇതില്‍ നേതൃത്വം അതൃപ്തിയിലാണ്.

എന്നാല്‍ സമ്മേളനങ്ങളില്‍ പ്രതിഷേധിച്ചവർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ല. പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കും. അതിനിടെ, സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രാദേശിക സിപിഎം നേതാക്കള്‍ക്കും, തെരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർക്കും എതിരെയാണ് പോസ്റ്ററുകള്‍. ജില്ലാ കമ്മിറ്റി അംഗം പി.ആർ. വസന്തനെതിരെയും ആരോപണങ്ങള്‍ ഉണ്ട്. പ്രതിഷേധങ്ങള്‍ക്കിടയിലും മുഴുവൻ ലോക്കല്‍ സമ്മേളനങ്ങളും പൂർത്തിയാക്കി. ഡിസംബർ രണ്ടിന് കരുനാഗപ്പള്ളി ഏരിയ സമ്മേളനം തുടങ്ങും. വിഭാഗീയതയും പ്രതിഷേധങ്ങളും ഏരിയ സമ്മേളനത്തിലേക്കും വ്യപിക്കാനാണ് സാധ്യത.