Politics

അർധരാത്രിയിലുണ്ടായ പാലക്കാട്ടെ പരിശോധന രാഷ്ട്രീയപ്രേരിതമെന്ന് ഷാനിമോൾ ഉസ്മാൻ

പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ മുറിയിൽ അർധരാത്രിയിലുണ്ടായ പരിശോധന രാഷ്ട്രീയപ്രേരിതമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. സിപിഐഎം അറിഞ്ഞുകൊണ്ടാണ് ഈ പദ്ധതിയെന്നും സ്ത്രീകൾക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. എന്താണ് രാത്രി ഉണ്ടായതെന്നും ഷാനിമോൾ വിശദീകരിക്കുന്നുണ്ട്. ‘പത്തേമുക്കാലായപ്പോഴേക്കും ഞാൻ കിടന്നിരുന്നു. രാത്രി 12 മണിയാകുമ്പോഴാണ് കതകിൽ ഒരു മുട്ടലും തട്ടലും ബെല്ലടിയും ഒക്കെ കേൾക്കുന്നത്. വാതിലിലൂടെ നോക്കിയപ്പോൾ നാല് പൊലീസുകാരെയാണ് കണ്ടത്. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എന്നാണ് പറഞ്ഞത്. എന്നാൽ രാത്രി കതക് തുറക്കണമെന്ന ആവശ്യത്തെ ഞാൻ ചോദ്യം ചെയ്തു’

പുറത്ത് ഭയങ്കര ബഹളമായിരുന്നുവെന്നും ഷാനിമോൾ പറയുന്നുണ്ട്. ശേഷം പൊലീസ് ബിന്ദുവിന്റെ മുറിയിൽ പോയി. ഐഡി കാർഡ് ചോദിച്ചപ്പോൾ പൊലീസ് കാണിച്ചില്ലെന്നും ഷാനിമോൾ ആരോപിക്കുന്നു. യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നുവെന്നും നിയമപരമായി തെറ്റാണെന്ന് പറഞ്ഞിട്ടും വനിതാ പൊലീസ് പരിശോധന നടത്തിയെന്നും, മുഴുവൻ റൂമും ഇളക്കിമറിച്ചെന്നും ഷാനിമോൾ പറയുന്നു.

പരിശോധനയിൽ ഒന്നും ലഭിച്ചില്ലെന്ന കാര്യം രേഖാമൂലം എഴുതിത്തരാൻ ആവശ്യപ്പെട്ടപ്പോൾ പൊലീസ് വിസമ്മതിക്കുകയാണുണ്ടായത്. എന്നാൽ അവ ലഭിക്കാതെ പൊലീസുകാരെ പോകാൻ സമ്മതിക്കില്ലെന്നായിരുന്നു തങ്ങളുടെ നിലപാടെന്നും ഷാനിമോൾ പറഞ്ഞു. എന്നിട്ടും കൃത്യമായ വിവരങ്ങൾ പൊലീസ് എഴുതിയില്ലെന്നും എന്തുകൊണ്ട് എന്റെ പേര് എഴുതുന്നില്ല എന്ന് ചോദിച്ചപ്പോൾ പൊലീസ് മറുപടി നൽകിയില്ലെന്നും അവർ ആരോപിക്കുന്നു.

പൊലീസ് പരിശോധനയിൽ സിപിഐഎമ്മിനെയും ഷാനിമോൾ വിമർശിച്ചു. ഇത് റൊട്ടീൻ പരിശോധനയല്ല, സിപിഐഎം പദ്ധതിയാണ്. സിപിഐഎം നേതാക്കളായ റഹീമിന്റെയും രാജേഷിനെയും രീതിയല്ലെനിക്ക്. സ്ത്രീകൾക്കെതിരെയുള്ള വലിയ അതിക്രമവുമായാണ് താൻ ഇത് കാണുന്നതെന്നും, കയ്യിൽ ബോംബില്ലാത്തതുകൊണ്ടാണ് മറ്റ് പല രീതിയിലും സിപിഐഎം കാര്യങ്ങൾ നീക്കുന്നതെന്നും ഷാനിമോൾ ആരോപിച്ചു.

About the author

KeralaNews Reporter

Add Comment

Click here to post a comment