മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും രണ്ട് ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിയില്‍ കീഴ്വഴക്കങ്ങള്‍ മറികടന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ.
ഗവർണർ ചൊല്ലി കൊടുത്ത സത്യവാചകത്തിന് പകരം ശിവസേന സ്ഥാപകൻ ബാല്‍ താക്കറയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്തുകയാണ് ഏക്നാഥ് ഷിന്ദെ ചെയ്തത്. ഇതിന്റെ തുടർച്ചയായി അദ്ദേഹം മഹാരാഷ്ട്രയിലെ ജനങ്ങളോടും നന്ദി പറയാൻ തുടങ്ങിയതോടെ ഗവർണർ ഇടപെടുകയായിരുന്നു.
സാധാരണ ഗതിയില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ ഔദ്യോഗിക സത്യവാചകത്തിന് പുറമെ മറ്റ് പരാമർശങ്ങള്‍ നടത്താൻ പാടില്ലെന്നാണ് ചട്ടം. സത്യവാചകത്തില്‍ പിഴവുണ്ടായ പശ്ചാത്തലത്തില്‍ വീണ്ടും സത്യപ്രതിജ്ഞ നടത്തിയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തില്‍ സത്യവാചകം എങ്ങനെ ചൊല്ലണമെന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്. അത് പാലിക്കണം എന്നാണ് ചട്ടം.
ഗവർണർ ചൊല്ലികൊടുക്കുന്ന സത്യവാചകത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായാല്‍ അതിന് അംഗീകാരം ലഭിക്കില്ല. ഇത് കണക്കിലെടുത്താണ് ഗവർണർ ഏക്നാഥ് ഷിന്ദെയെ പ്രസംഗം അവസാനിപ്പിച്ച് സത്യവാചകം അതേപോലെ ചൊല്ലാൻ താക്കീത് ചെയ്തത്. ഗവർണർ സി.പി. രാധാകൃഷ്ണൻ ‘ഞാൻ’ എന്ന് പറഞ്ഞ് ആരംഭിച്ചെങ്കിലും ഇത് വകവെക്കാതെ ഷിന്ദെ തന്റെ പ്രസംഗം ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് ഗവർണർക്ക് അദ്ദേഹത്തെ തിരുത്തേണ്ടി വന്നത്.
ഗവർണറുടെ വാക്കുകള്‍ മറികടന്ന് ശിവസേന സ്ഥാപകനായ ബാല്‍ താക്കറയെ ‘ ഹിന്ദു ഹൃദയ സാമ്രാട്ട് ‘ എന്ന് വിശേഷിപ്പിച്ചാണ് ഷിന്ദെ വാചകം ആരംഭിച്ചത്. ഇതിനുപിന്നാലെ വേദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്താനും ഷിന്ദെ സത്യപ്രതിജ്ഞ വേദി ഉപയോഗിക്കുകയായിരുന്നു. ഇതോടെ വേദിയിലുള്ള മറ്റ് മുഖ്യമന്ത്രിമാരും രാഷ്ട്രിയ നേതാക്കളും അസ്വസ്ഥത പ്രകടിപ്പിച്ചു.
ഇത് ശ്രദ്ധയില്‍പെട്ടതോടെ ഗവർണർ ഷിന്ദെയുടെ പ്രസംഗം തടയുകയും വീണ്ടും സത്യവാചകം ചൊല്ലി കൊടുക്കുകയുമായിരുന്നു. ഷിന്ദെയുടെ സത്യപ്രതിജ്ഞ അസാധുവായി കണക്കാക്കിയിട്ടില്ലെങ്കിലും പ്രോട്ടോകോള്‍ മറികടന്നുള്ള പ്രവൃത്തിയാണ് ഷിന്ദെയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തലുകള്‍. ഭരണഘടനയില്‍ നിർദേശിച്ചിട്ടുള്ള സത്യവാചകത്തിന് പുറമെ ഉപയോഗിക്കുന്ന മറ്റ് പ്രയോഗങ്ങളൊന്നും റെക്കോഡ് ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Add Comment