Tech

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; ജിയോ,വിഐ,എയർടെൽ,ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിയാൻ

എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ടെലി മാർക്കറ്റിങ് മെസേജുകളെല്ലാം ട്രേസ് ചെയ്യാവുന്നത് ആയിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം ഡിസംബർ1ന് നടപ്പാക്കാൻ തയാറെടുക്കുകയായിരുന്നു. എന്നാൽ ടെലികോം കമ്പനികളുടെ അഭ്യർഥന പ്രകാരം ഡിസംബർ 11വരെ നീട്ടുകയായിരുന്നു.

സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ആവശ്യപ്പെടാത്ത ലിങ്കുകൾ അടങ്ങിയ സ്പാം സന്ദേശങ്ങളെ ചെറുക്കുന്നതിനുമാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. ഈ പുതിയ നിയമങ്ങൾ ടെലികോം ഉപയോക്താക്കളെ അവരുടെ പ്രദേശത്ത് ലഭ്യമായ നെറ്റ് വർക്ക് സാങ്കേതികവിദ്യ തിരിച്ചറിയാനും സഹായിക്കും.

ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഇനി അംഗീകൃത വെബ് ലിങ്കുകൾ എസ്എംഎസ് വഴി മാത്രമേ ലഭിക്കൂ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം ഓപ്പറേറ്റർമാർ വൈറ്റ്ലിസ്റ്റ് ചെയ്ത ലിങ്കുകൾ മാത്രമേ അയയ്ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നത് നിർബന്ധമാക്കി. ഇതിനർത്ഥം എസ്എംഎസ് വഴി ലഭിക്കുന്ന ഏതൊരു ലിങ്കും അംഗീകരിക്കാത്ത ലിങ്കുകളില്ലാതെ വൈറ്റ്ലിസ്റ്റ് ചെയ്ത ഒന്നായിരിക്കും എന്നാണ്.