2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുന്നത് വൈകിയേക്കും. ജനുവരി 12നാണ് ചാമ്പ്യന്‍സ് ട്രോഫി ടീം സ്‌ക്വാഡ് ഐസിസിക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍ സ്‌ക്വാഡ് പുറത്തുവിടാനുള്ള സമയപരിധി അവസാനിക്കാനിരിക്കേ സമയം നീട്ടിത്തരണമെന്ന് ഐസിസിയോട് ബിസിസിഐ അപേക്ഷിക്കാനിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഈയടുത്ത് സമാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയുടെ പശ്ചാത്തലത്തിലാണ് സ്‌ക്വാഡിന്റെ തിരഞ്ഞെടുപ്പിന് ബിസിസിഐ അല്‍പ്പം കൂടി സമയം ആവശ്യപ്പെടുന്നത്. പരമ്പര അവസാനിച്ച ഉടനെ തന്നെ ഏകദിനത്തിന് വേണ്ടിയുള്ള താരങ്ങളുടെ കോമ്പിനേഷന്‍ തിരഞ്ഞെടുക്കാന്‍ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാവും ബിസിസിഐ അപേക്ഷ നല്‍കുന്നത്.
അതേസമയം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് കൃത്യം ഒരുമാസം മുന്‍പ് ജനുവരി 19നുള്ളില്‍ ഇന്ത്യയുടെ സ്‌ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ വൈകുന്നതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതും വൈകാനാണ് സാധ്യത. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പരിഗണിച്ചുകൊണ്ടായിരിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇലവനെ പ്രഖ്യാപിക്കുന്നത്.
2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. അതേസമയം ജനുവരി 22 മുതലാണ് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്.
Add Comment