Pravasam Oman

സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസക് സന്ദർശിക്കുന്നതിന് ഫീസ് ഏർപ്പെടുത്തി അധികൃതർ

മസക്ക്റ്റ്: മസ്‌ക്കറ്റിലെ ആകര്‍ഷണീയമായ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസക് സന്ദർശിക്കുന്നതിന് ഫീസ് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് 8.4 റിയാല്‍, താമസക്കാര്‍ക്ക് 3.100 റിയാല്‍, സ്വദേശികള്‍ക്ക് 1.50റിയാലുമാണ് ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രികരുടെ സന്ദർശനാനുഭനം മെച്ചപ്പെടുത്തുന്നതിനാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സുല്‍ത്താന്‍ ഖാബൂസ് ഹയര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് സയന്‍സ് അറിയിച്ചത്. ഫീസ് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായതോടെയാണ് അധികൃതര്‍ ഫീസുമായി വിശദീകരിച്ച് രംഗത്തെത്തിയത്.

അതേസമയം അഞ്ചുനേരത്തെ പ്രാര്‍ത്ഥനകള്‍ക്കായി സൗജന്യ പ്രവേശനം അനുവദിക്കുന്നതായിരിക്കും. സീസണ്‍ കാലങ്ങളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഈ നീക്കം അനിവാര്യമാണെന്ന് അധികൃര്‍ വ്യക്തമാക്കി. സന്ദര്‍ശകരെ സഹായിക്കുന്നതിനായി വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന 35 ഒമാനി ഗൈഡുകളെയും നിയമിച്ചിട്ടുണ്ട്. മസ്ജിദിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി അധികൃതര്‍ സ്വകാര്യ മേഖലയുമായി കൈകോര്‍ത്തതായും സുല്‍ത്താന്‍ ഖാബൂസ് ഹയര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് സയന്‍സ് വിഭാഗം അറിയിച്ചു.

1992ല്‍ അന്നത്തെ ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് തന്റെ രാജ്യത്ത് ഒരു ഗ്രാന്‍ഡ് മോസ്‌ക് വേണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ജ് മോസ്‌ക് നിര്‍മ്മിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ആയിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത്.