Kerala

ലഹരിക്കടിമയായ മകൻ വെട്ടിക്കൊലപ്പെടുത്തിയ സുബൈദയുടെ മൃതദേഹം സംസ്കരിച്ചു

കോഴിക്കോട്: പുതുപ്പാടിയിൽ ലഹരിക്കടിമയായ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശിനി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകുന്നേരമായിരുന്നു സംസ്കാരം. സുബൈദയെ അവസാന നോക്ക് കാണാൻ നിരവധിപ്പേരാണ് തടിച്ചുകൂടിയത്.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് കൊലപാതകശേഷം നാട്ടുകാരോട് പറഞ്ഞത്. ലഹരിക്ക് അടിമയായതിന് പിന്നാലെ ആഷിഖ് വീട്ടിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല.

എവിടെ പോയെന്ന് ചോദിച്ച സുബൈദയോട് പൈസ ആവശ്യപ്പെടുകയും പിന്നീടുണ്ടായ തർക്കത്തിനൊടുവിൽ കൊലപ്പെടുത്തുകയുമായിരുന്നു. അയൽവാസിയിൽ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കഴുത്തിനും മുഖത്തുമാണ് വെട്ടേറ്റത്. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്ലസ് ടുവിന് ഓട്ടോ മൊബൈൽ കോഴ്‌സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജിൽ ചേർന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീലയുടെ പ്രതികരണം.