കോട്ടയം: പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ്. പാലാ സിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. റിപ്പോര്‍ട്ട് സിഐ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും റിപ്പോര്‍ട്ട് കൈമാറി. അതിനിടെ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് (അക്കാദമിക്) നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ സഹപാഠികള്‍ റാഗ് ചെയ്തുവെന്ന പരാതിയുമായി പിതാവാണ് രംഗത്തെത്തിയത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പിതാവ് ആരോപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
കൂട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നു. ഒന്നിലധികം തവണ ഇത് ആവര്‍ത്തിച്ചിരുന്നു. കുട്ടിയുടെ നഗ്നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചതായും പിതാവ് പറഞ്ഞിരുന്നു. സംഭവത്തില്‍ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
Add Comment