Kerala

ദുരിത ബാധിതർക്ക് ഭയം വേണ്ട, സർക്കാർ കൂടെയുണ്ട്; മന്ത്രി കെ രാജൻ

തിരുവനന്തപുരം: ദുരിത ബാധിതർക്ക് ഭയം വേണ്ടെന്നും സർക്കാർ കൂടെയുണ്ടെന്നും ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. വയനാട്ടിലെ പുനരധിവാസത്തിനായി പ്ലാൻ്റേഷൻ ഭൂമികളെല്ലാം നേരിട്ട് സന്ദർശിച്ചെന്നും അപകടങ്ങളുണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റാനാണ് ശ്രമം എന്നും കെ രാജൻ വ്യക്തമാക്കി.

പുനരധിവാസത്തിന് ഭൂമി ലഭ്യമാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. ജന്മവകാശം വഴിയുള്ള ഭൂമികൾ അവിടെ കുറവാണ്. ഭൂപരിഷ്കരണത്തിൻ്റെ 81 പ്രകാരം എക്സപ്ഷൻ ഉള്ള ഭൂമിയാകും അല്ലെങ്കിൽ സർക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുള്ള ഭൂമിയാകാം. അത്തരം പ്രശ്നങ്ങളുള്ള ഭൂമി ഏറ്റെടുക്കാൻ ചില പ്രശ്നങ്ങളുണ്ടാകാമെന്നും ഇപ്പോൾ അങ്ങനെയൊരു പ്രശ്നമില്ലെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. പുനരധിവാസത്തിനായി ടൗൺഷിപ്പുണ്ടാക്കാനാണ് ആലോചന. പുനരധിവാസത്തിന് അനുയോജ്യമായ 25 സ്ഥലങ്ങൾ നേരിട്ട് പോയി കണ്ടിരുന്നു. അതിന് ശേഷം ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം അതിൽ ഒമ്പത് സ്ഥലങ്ങൾ അപകടരഹിതമെന്ന് കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കൈവശാവകാശവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എളുപ്പത്തിലാക്കാൻ ദുരന്തനിവാരണ നിവാരണ നിയമ പ്രകാരമായിരുന്നു ഭൂമി ഏറ്റെടുത്തത്.

ഇതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകൾ കോടതിയിൽ പോയി. സ്ഥലത്തിന് പണം കൊടുക്കാൻ സാധ്യമാണോ എന്നാണ് കോടതി ചോദിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പണം കോടതിയിൽ കെട്ടിവെയ്ക്കാമെന്നും കോടതി ഉടമസ്ഥരെന്ന് തീരുമാനിക്കുന്നവർക്ക് പണം കൈമാറാമെന്നുമുള്ള സർക്കാരിൻ്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വാദം കേട്ട കോടതി വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്. കോടതി തീരുമാനം അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത് എന്നും മന്ത്രി കെ രാജൻ പറഞ്ഞു.

യഥാർത്ഥ ദുരിത ബാധിതരെ കണ്ടെത്താനുള്ള പട്ടിക ഉടൻ തയാറാക്കും. പരാതികള്‍ അറിയിക്കാൻ പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്നവർ ഭയക്കേണ്ട. സുരക്ഷിതമായി മാറ്റുന്നത് വരെ സിഎംഡിആർഎഫ്എലിൽ നിന്ന് വാടക നൽകും. കൊടുത്തു കൊണ്ടിരിക്കുന്ന എല്ലാ സഹായവും തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. രണ്ടാം ഘട്ടത്തിൽ നോ ടു ഗോൾ സോൺ പട്ടിക തയ്യാറാക്കും ഉപയോഗ യോഗ്യമല്ലാത്ത സ്ഥലങ്ങൾക്ക് സമീപമുള്ള വീട്ടുകാരെ കൂടി പുനരധിവാസത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തബാധിതമായ വിലങ്ങാടിൻ്റെ പ്രശ്നങ്ങളും ഉടൻ പരിഹരിക്കും. മേപ്പാടിക്കും ചൂരൽമലയ്ക്കും കിട്ടുന്ന സഹായങ്ങൾ വിലങ്ങാടിനും ലഭിക്കും, ഡിസംബർ 4-ാം തീയതി മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രനും താനുമുള്‍പ്പെടെയുള്ള ഉന്നതതല യോ​ഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ചൂരൽമലയിലെ ദുരന്തബാധിതയായ ലതയുടെ ഭർത്താവിൻ്റെ മോതിരം ലഭ്യമെങ്കിൽ ഉറപ്പായും തിരികെ നൽകുമെന്നും വൈകാരികത ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മരിച്ച ഭർത്താവിന്‍റെ ഓർമ്മയുടെ അവശേഷിപ്പായിരുന്നു ലതയുടെ പേര് എഴുതിയ മോതിരം. ദുരിതഘട്ടത്തില്‍ ഭർത്താവിനെ തിരിച്ചറിഞ്ഞത് ഈ മോതിരം കണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് നഷ്ടമായി. ഏതെങ്കിലും വിധേന അത് ലഭിക്കുകയാണെങ്കില്‍ തിരികെ നല്‍കണമെന്ന് ലത ആവശ്യപ്പെട്ടിരുന്നു.