ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങളിലൂടെ ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണെന്ന് അമേരിക്കൻ എജൻസിയായ എഫ്ബിഐയുടെ മുന്നറിയിപ്പ്. ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങളിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തതാണ് ഹാക്ക് ചെയ്യപ്പെടാനുള്ള കാരണം. ഇത്തരത്തിലുള്ള സന്ദേശങ്ങളിലൂടെ നിരവധി ഉപഭോക്താക്കളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എഫ്ബിഐ മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആൻഡ്രോയിഡ് ഫോണുകളിൽ പരസ്പരം അയക്കുന്ന സന്ദേശങ്ങളിലും ഐഫോണിൽ നിന്ന് ഐഫോണിലേക്കും അയക്കുന്ന സന്ദേശങ്ങളിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉണ്ട്. എന്നാൽ ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്കുള്ള സന്ദേശങ്ങൾക്ക് ഇത്തരത്തിൽ പൂർണ പരിരക്ഷ ഉണ്ടാവാറില്ല.
‘സാൾട്ട് ടൈഫൂൺ’ എന്നറിയപ്പെടുന്ന മാൽവേയർസ് കൊണ്ടാണ് ഫോൺ ഹാക്ക് ചെയ്യുന്നത്. ഇത് ചൈനീസ് ഹാക്കർമാരാണ് നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഫോൺ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്കൊപ്പം ചാരപ്പണിക്കും ഇത്തരം മാൽവേയർസ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
AT&T, T-Mobile, Verizon എന്നിവയുൾപ്പെടെയുള്ള യുഎസിലെ പ്രധാന ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലേക്ക് അടുത്തിടെ ഹാക്കർമാർ നുഴഞ്ഞുകയറിയിരുന്നു. അമേരിക്കൻ പൗരന്മാരുടെ ഫോൺ ഡാറ്റ ഹാക്കർമാർ ആക്‌സസ് ചെയ്തതായി നേരത്തെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ആൻഡ്രോയിഡ് – ഐഫോൺ സന്ദേശത്തിലൂടെ ഹാക്ക് ചെയ്യാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫോണുകളുടെ സുരക്ഷ ഉറപ്പാക്കാൻ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്ന സിഗ്‌നൽ, വാട്ട്സ്ആപ്പ് പോലുള്ള എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനാണ് എഫ്ബിഐ നൽകുന്ന നിർദ്ദേശം. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിലൂടെ സന്ദേശം അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമേ അറിയാൻ സാധിക്കുകയുള്ളു.
ഇത് കൂടാതെ ഗുഗിൾ മെസേജും ഐ മെസേജും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വ്യത്യസ്ത ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഫോണുകൾ തമ്മിലുള്ള സന്ദേശങ്ങൾക്ക് ഈ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാറില്ല.
Add Comment