Entertainment India

പുഷ്പ2 റിലീസിനിടെ ദുരന്തം, സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം.

ദില്‍ഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് മകൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഭർത്താവിനും മക്കള്‍ക്കുമൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. രാത്രി 10.30-ഓടെയാണ് സംഭവം. സിനിമ കണ്ട് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ഷോ കാണാൻ അല്ലു അർജുൻ ഉള്‍പ്പടെയുള്ള തിയേറ്ററില്‍ താരങ്ങള്‍ എത്തിയിരുന്നതായാണ് വിവരം.ഇവരെ പുറത്തിറക്കാനായി ശ്രമിക്കുന്നതിനിടെ ആരാധകർ ഇരച്ചെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

തിക്കിലും തിരക്കിലും പെട്ട് രേവതി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ വന്നവർ രേവതിയുടെ പുറത്തേക്ക് വീണതോടെ സ്ഥിതി ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭർത്താവിനും മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് ലാത്തി ചാർജ് ഉള്‍പ്പടെ നടത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.