Entertainment

‘വെള്ളമഞ്ഞിന്റെ തട്ടവുമായി’, പ്രേക്ഷകർ ഏറ്റെടുത്ത് ബെസ്റ്റിയിലെ പുതിയ പാട്ട്

ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി എന്ന ചിത്രത്തിലെ ‘വെള്ളമഞ്ഞിന്റെ തട്ടവുമായി’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി കൂട്ടുകെട്ട് ഒരുക്കിയ ഈ ഗാനം സച്ചിൻ ബാലുവും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് എന്നിവരാണ് ഗാനം സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

ഇതുവരെ പുറത്തിറങ്ങിയ പാട്ടുകൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഷഹീൻ സിദ്ദിഖിനും ശ്രവണയ്ക്കുമൊപ്പം അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, സാക്ഷി അഗർവാൾ, അബുസലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു. ബെസ്റ്റി ഈ മാസം 24ന് ബെൻസി റിലീസ് തിയേറ്ററിൽ എത്തിക്കും.

About the author

KeralaNews Reporter

Add Comment

Click here to post a comment