മനാമ> കോവിഡ് വ്യാപനം തടയാനായി ഏര്പ്പെടുത്തിയ സാമൂഹിക അകല നിബന്ധന സൗദി പൂര്ണമായും ഒഴിവാക്കി. പൊതു സ്ഥലങ്ങളില് മാസ്ക് ധരിക്കലും നിര്ബന്ധമല്ല. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്ക്ക് മാത്രമാണ് പൊതു, സ്വകാര്യ സ്ഥാപനങ്ങളില് പ്രവേശനം. പുതിയ തീരുമാനങ്ങള് ഞായറാഴ്ച നിലവില് വന്നു.
മക്കയിലെ മസ്ജിദുല് ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവയില് ഞായറാഴ്ച പ്രഭാത നമസ്കാരം മുതല് വിശ്വാസികളെ പൂര്ണ തോതില് പ്രവേശിപ്പിച്ച് തുടങ്ങി. ഇരു ഹറമുകളിലും നിശ്ചിത ശാരീരിക അകലം പാലിക്കാന് നിര്ദേശിച്ച് ഒട്ടിച്ചിരുന്ന സ്റ്റിക്കറുകളും ബാരിക്കേഡുകളും നീക്കം ചെയ്തു. ഇരുപത് മാസത്തോളം നീണ്ട ഇടവേളക്കുശേഷമാണ് പൂര്ണ തോതില് ഇവിടെ വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. നമസ്കാരത്തില് വിടവുകളില്ലാതെ അടുത്തടുത്തായി നില്ക്കണമെന്ന് ഹറം ഇമാമുമാര് ആഹ്വാനം ചെയ്തു.
പൊതു സ്ഥലങ്ങള്, പൊതു ഗതാഗത സംവിധാനങ്ങള്, സിനിമാ ഹാള്, വിവാഹ ആള് എന്നിവടങ്ങളില് സാമൂഹിക അകലം പാലിക്കേണ്ടതില്ല. അടച്ചിട്ട ഹാളുകളിലും സ്ഥാപനങ്ങളിലും മാസ്ക് നിര്ബന്ധമാണ്. റെസ്റ്റോറണ്ടുകളില് മുഴുവന് സീറ്റുകളിലും ആളുകളെ ഇരുത്താം. ഇസ്തിറാഹകളിലെ വിവാഹമുള്പ്പെടെയുള്ള ചടങ്ങുകളില് എത്രപേര്ക്ക് വേണമെങ്കിലും പങ്കെടുക്കാം. കോവിഡ് കേസുകള് രാജ്യത്ത് ഗണ്യമായി കുറഞ്ഞ പാശ്ചാത്തലത്തിലാണ് സൗദി നിയന്ത്രണങ്ങളില് ഇളവ് വരുത്തിയത്.
Add Comment