ഷാർജ> രാജ്യം ശക്തിപ്പെടാൻ ജാതിമത ചിന്തകൾക്കതീതമായ ഐക്യപ്പെടൽ ശക്തമാക്കണമെന്ന് സിപിഐ എം നേതാവും മുൻ വൈദ്യുതി മന്ത്രിയുമായ എം എം മണി. ഷാർജ മാസിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നാല്പതാം വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളിൽ വസിക്കുന്ന പ്രവാസികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും നാടിൻറെ വികസനത്തിന് കൈകോർക്കുകയും വേണം. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുകയല്ല, മറിച്ച് മാനവികത മുൻനിർത്തി ഏകോദര സഹോദരങ്ങളായി മനുഷ്യന് മുന്നേറാൻ സാധിക്കുകയാണ് വേണ്ടത്. ശാസ്ത്രീയ ചിന്തയുടെ അഭാവം കൊണ്ടാണ് ആദിമ മനുഷ്യൻ പ്രപഞ്ചസത്യങ്ങളെ വിവേചിച്ചറിയാതിരുന്നത്. യുക്തിചിന്തയും, ശാസ്ത്ര ബോധവും മാനവ സമൂഹത്തിന്റെ വളർച്ചയ്ക്ക് കാരണമായി. എന്നാൽ ഇവ നിരാകരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പ്രപഞ്ചസത്യങ്ങളെ അന്ധവിശ്വാസങ്ങളിൽ തളച്ചിട്ട് മാനവ പുരോഗതിയെ തളർത്തുന്ന പ്രത്യശാസ്ത്ര പരിസരം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ അന്തസത്തയും സംരക്ഷിക്കാൻ ഓരോ ഇന്ത്യൻ പൗരനും ബാധ്യസ്ഥനാണ്. അതിന് വിഘാതം നിൽക്കുന്ന പ്രവർത്തനങ്ങളെ ഇന്ത്യയെ സ്നേഹിക്കുന്നവർ ഒരുമയോടെ നിന്ന് എതിർക്കണം. രാജ്യം സംരക്ഷിക്കപ്പെടേണ്ടത് ഒരു ഇന്ത്യക്കാരന്റെയും കടമയാണ്. നമ്മുടെ പൂർവികർ കാലങ്ങളായി നടത്തിയ ത്യാഗ പൂർണ്ണമായ പ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയുടെ യശസ്സ് ഉയർന്നുനിൽക്കുന്നത്. രാജ്യത്തിന് പുറത്ത് ജീവിക്കുന്ന വരും പുതിയ തലമുറയും ഈ സത്യം മനസ്സിലാക്കി മുന്നോട്ടു പോകണം.
കേരളത്തിൻറെ സാമൂഹ്യ രാഷ്ട്രീയം മുന്നേറ്റങ്ങളിൽ മാറിമാറി വന്ന സർക്കാരുകൾ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. സർവ്വതോൻമുഖമായ പുരോഗതി ലക്ഷ്യമിട്ട് ഇടതുപക്ഷ സർക്കാറുകൾ കേരളത്തെ മുന്നോട്ടു നയിച്ചു. കേരളത്തിൻറെ വളർച്ചയിൽ വളരെ വലിയ പങ്കാണ് ഒന്നാം പിണറായി സർക്കാരിൻറെ നേതൃത്വത്തിൽ നടന്നത്. കേരള ജനത അത് അംഗീകരിച്ചത് കൊണ്ടാണ് രണ്ടാമതും പിണറായി സർക്കാർ അധികാരത്തിൽ വന്നത്. കേരളത്തിൻറെ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ സർക്കാറിനോടൊപ്പമാണ് ജനങ്ങൾ. എന്നാൽ കേന്ദ്രം കേരളത്തിന് അർഹമായ വിഹിതം നൽകാതെ സാമ്പത്തികമായി തകർക്കുകയാണ്. പ്രതിസന്ധികൾ നേരിടുന്ന ഓരോ ഘട്ടത്തിലും മലയാളികൾ കേരളത്തെ ചേർത്തുപിടിച്ചു. വിദേശ മലയാളികൾ ആ കടമ ഇപ്പോഴും നിർവഹിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുന്നവർക്കെതിരെയാണ് വിദേശ മലയാളികളുടെ മനസ്സ്. രാഷ്ട്രീയ അഭിപ്രായങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പ്രവാസി വിഷയങ്ങളിൽ ഒന്നിച്ചു നില്ക്കാൻ എല്ലാ പ്രവാസി സംഘടനകളും തയ്യാറാകണം എന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. വലിയ ജനാവലിയാണ് മണിയാശാനെ ശ്രവിക്കാനും, ആഘോഷ പരിപാടികൾക്കുമായി എത്തിയത്.
ഷാർജ മാസ് പ്രസിഡൻറ് വാഹിദ് നാട്ടിക അധ്യക്ഷനായി. സെക്രട്ടറി സമീന്ദ്രൻ സ്വാഗതവും, മാസ് ജോയിൻ സെക്രട്ടറി ബ്രിജേഷ് നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും, അഖിലേന്ത്യ മഹിളാ ജനാധിപത്യ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും, മുൻ എംഎൽഎ യുമായ കെ എസ് സലീഖ, മാസ് സ്ഥാപക പ്രസിഡന്റ് ടികെ അബ്ദുൽ ഹമീദ്, പ്രവാസി ക്ഷേമനിധി ഡയറക്ടർ ആർപി മുരളി, മാസ് മുൻ പ്രസിഡന്റ് താലിബ്, മുൻ സെക്രട്ടറി ബികെ മനു, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം, കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, ദുബായ് ഓർമ പ്രസിഡന്റ് റിയാസ്, ഫുജൈറ കൈരളി പ്രസിഡന്റ് ലെനിൻ എന്നിവർ ആശംസകൾ നേർന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ജാഫർ ഇടുക്കിയും സോഹൻ സീനുലാലും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർപങ്കെടുത്തു. മാസ് അംഗം എം.ഒ. രഘുനാഥ് എഴുതിയ രണ്ടു പുസ്തകങ്ങൾ എംഎം മണിയിൽ നിന്ന് മാസ് ട്രെഷറർ അജിത രാജേന്ദ്രൻ സദസ്സിൽ സ്വീകരിച്ചു.
വിവിധ കലാരൂപങ്ങൾ അണിനിരത്തിയുള്ള ഘോഷയാത്രയോടെയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് പിന്നിട്ട നാൽപതു വര്ഷങ്ങളുടെ ചരിത്രവും കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിക്കുന്ന കലാരൂപങ്ങളും അരങ്ങേറി. പ്രോഗ്രാം കൺവീനർ രാധാകൃഷ്ണൻ വൈസ് പ്രസിഡന്റ് ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Add Comment