മനാമ > ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവ്വീസുകളും സൗദി റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത് അവധിക്ക് നാട്ടിൽ എത്തിയ ആയിരക്കണക്കിന് പ്രവാസികൾ. ഇവർ സൗദിയിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയാണ് വിലക്ക് എത്തിയത്.
കൊറോണവൈറസ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളുമായി വ്യോമയാന ബന്ധം സസ്പെൻസ് ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ ബുധനാഴ്ചയാണ് അറിയിച്ചത്.
ആറു മാസം വരെ കാലാവധി യുള്ള റീ എൻട്രി വിസയിൽ അവധിക്ക് നാട്ടിൽ എത്തിയ നിരവധിപേർക്ക് കഴിഞ്ഞ ആറു മാസമായി സൗദിയിലേക്ക് തിരിച്ചു വരാൻ മാർഗമുണ്ടായിരുന്നില്ല. അവധിക്ക് മടങ്ങിയവർക്ക് തിരിച്ചു വരാമെന്ന് സൗദി കഴിഞ്ഞ ആഴ്ച അറിയിച്ചു. ഇതനുസരിച്ച് സാധുവായ വിസയുള്ള പ്രവാസികൾക്കും ആശ്രിതർക്കും സന്ദർശക വിസക്കാർക്കും സെപ്തംബർ 15 മുതൽ സൗദിയിലേക്ക് പ്രവേശനം നൽകുന്നു. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് തിരിച്ചുപോകാനായി സൗദിയുമായി ഇന്ത്യ എയർ ബബ്ൾ കരാർ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിരുന്നു.
48 മണിക്കൂറിനിടെ നടത്തിയ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആർ പരിശോധന റിപ്പോർട്ട് വിമാന താവളത്തിൽ കാണിക്കുന്നവർക്കാണ് പ്രവേശനം.
ഒക്ടോബർ ഒന്നു വിദേശ വിമാന സർവീസ് പുനരാരംഭിക്കുന്നത് സൗദി പരിഗണിക്കുന്നതായും വാർത്തയുണ്ടായിരുന്നു. കൂടാതെ, സൗദി നയതന്ത്ര കാര്യാലയങ്ങളിൽ പുതിയ വിസ സ്്റ്റാമ്പ് ചെയ്തും തുടങ്ങി. എന്നാൽ, പുതിയ നീക്കം പ്രവാസികളുടെ പ്രതീക്ഷക്ക് വിരുദ്ധമായി.
ഇഖാമ, റീഎൻട്രി കാലാവധി സെപ്തംബർ 30 വരെ സൗദി നീട്ടിയിട്ടുണ്ട്. ഇനി പുതുക്കണമെങ്കിൽ സ്പോൺസർമാരുമായി ബന്ധപ്പെടണം.
കൊറോണവൈറസ് വ്യാപനം തടയാനായി മാർച്ച് 15 നാണ് സൗദി അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിയത്. മെയ്ൽ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാരെ തിരികെ കൊണ്ടുപോകാനായി വന്ദേ ഭാരത് ദൗത്യം ആരംഭിച്ചെങ്കിലും നിരവധി പേർ ഇപ്പോഴും നാട്ടിൽ പോകാനായുണ്ട്.
Add Comment