Kerala

അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു

തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. ഇക്കാര്യത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് കത്ത് നല്‍കി. അമ്മുവിന്റെ മരണം അടിമുടി ദൂരൂഹമാണ്. കോളേജ് പ്രിന്‍സിപ്പാളും അധികൃതരും വേട്ടക്കാര്‍ക്ക് ഒപ്പം നിന്നുവെന്നും കെഎസ്‌യു ആരോപിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യം.

അതേസമയം അമ്മുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് സഹപാഠികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. അമ്മുവിന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സഹപാഠികളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പിന്നാലെയായിരുന്നു അറസ്റ്റ്.