ദുബായ്> കൊറോണവൈറസ് കേസുകള്‍ രണ്ടു ലക്ഷം പിന്നിട്ട ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക് നീട്ടി.
ഇന്ത്യയില്‍ നിന്നും ദേശീയ, വിദേശ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇന്ത്യവഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അവസാന 14 ദിവസം ഇന്ത്യയിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പ്രവേശനം നല്‍കില്ല. എന്നാല്‍ യാത്രയുടെ അവസാനത്തെ 14 ദിവസം മറ്റു രാജ്യങ്ങളില്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പ്രവേശനമുണ്ട്. യുഎഇ വഴി ഇന്ത്യയിലേക്ക് പോകുന്ന ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്ക് വിലക്കില്ല.
നയതന്ത്ര കാര്യാലയം ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസക്കാര്‍, ബിസനസ് യാത്രികര്‍ എന്നിവര്‍ക്ക് വിലക്കില്ല. എന്നാല്‍, രാജ്യത്ത് എത്തിയാല്‍ ഇവര്‍ക്ക് 10 ദിവസം ക്വാറന്റയ്നും പിസിആര്‍ പരിശോധനയുമുണ്ട. കൂടാതെ, യാത്രക്ക് 72-48 മണിക്കൂറിനിടെ നടത്തിയ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക്റ്റ് ഉള്ളവര്‍ക്കേ പ്രവേശനം അനുവദിക്കൂ.
ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ബ്രിട്ടന്, ഈജിപ്ത്, ഫിലിപ്പൈന്‍സ്, സുഡാന്, ലെബനന്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ടാന്‍സാനിയ, ഘാന, ഗ്വിനിയ, സിയറ ലിയോണ്‍, എത്യോപ്യ എന്നീ രാജ്യങ്ങ്ളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തി. 14 ദിവസത്തിനിടെ ഈ രാജ്യത്തിലൂടെ കടന്നുപോയവര്‍ക്കും വിലക്കുണ്ട്. വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്കാണ് പ്രവേശന നിരോധനം. ഒമാനി പൗരന്മാര്, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കി.
ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തില്‍ ഏപ്രില്‍ 24നാണ് യുഎഇയും ഒമാനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎഇ വിലക്ക് മെയ് 14വരെ നീട്ടിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് ട്രാവല്‍സുകളെ അറിയിച്ചിരുന്നെങ്കിലും വിലക്ക് ചൊവ്വാഴ്ച അനിശ്ചിത കാലത്തേക്ക് നീട്ടി ദുരന്ത നിവാരണ അതോറിറ്റിപ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Add Comment