തിരുവനന്തപുരം: എസ്എൻഡിപിയുമായി തനിക്ക് ഒരു കാലത്തും അസ്വാരസ്യമുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായങ്ങളുമായും എല്ലാ കാലത്തും ബന്ധം തുടരേണ്ടത് പാർട്ടിക്കും മുന്നണിയ്ക്കും അനിവാര്യമാണ്. എസ്എൻഡിപിയുടെ ശിവഗിരി തീർത്ഥാടന യാത്ര ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടകൻ അസൗകര്യം പറഞ്ഞപ്പോഴാണ് തന്നെ ഉദ്ഘാടകനാക്കി മാറ്റിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘എസ്എൻഡിപിയുമായി എനിക്ക് ഒരു കാലത്തും അസ്വാരസ്യമുണ്ടായിരുന്നില്ല. നല്ല ബന്ധമാണുള്ളത്. കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്തും അതിന് മുമ്പും എസ്എൻഡിപി യോഗവുമായും പ്രവർത്തകരുമായും നല്ല ബന്ധമാണുള്ളത്. അത് ഇനിയും തുടരും. ഗുരുദേവന്റെ അനുഗ്രഹത്തോടെ ആരംഭിച്ചതാണ് എസ്എൻഡിപി. അതിന്റെ മഹത്വം എസ്എൻഡിപിക്ക് എല്ലാകാലവുമുണ്ട്. വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാവില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ സമുദായങ്ങളും കേരള രാഷ്ട്രീയത്തിലും സമൂഹത്തിലും സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. അവരെ ചേർത്തുപിടിക്കേണ്ടതും അവരുടെ പ്രവർത്തനങ്ങളെ ആദരിക്കേണ്ടതും അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കൾക്കിടയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പറഞ്ഞു തീർക്കും. കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോവുക എന്നുള്ളതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല പക്വതയും ഇരുത്തവും വന്ന നേതാവാണെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവ് രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന നേതാവാണ് രമേശ് ചെന്നിത്തല എന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു.
Add Comment