Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ സമയം അനുവദിച്ച് കോടതി

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ സമയം അനുവദിച്ച് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഈ മാസം 25-ാം തീയതി വരെയാണ് സമയം അനുവദിച്ചത്. കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കാന്‍ രാവിലെ മജിസ്‌ട്രേറ്റ് എ എം ഷീജ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സാവകാശം തേടിയതോടെ കോടതി കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. കേസ് ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും.

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ പുരോഗതിക്ക് പുറമേ ഫോണിന്റെ ഫോറന്‍സിക് പരിശോധനാ ഫലം സംബന്ധിച്ച രേഖകളും സമര്‍പ്പിക്കാന്‍ കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു. വൈകിട്ട് ഹാജരാക്കാം എന്നായിരുന്നു പൊലീസിന്റെ മറുപടി. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. കോടതി ഇത് അംഗീകരിക്കുകയും തിങ്കളാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലം സംബന്ധിച്ച രേഖകളും സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതെന്ന പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത് അനുസരിച്ചാണ് കാസിം അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്.