കുവൈത്ത് സിറ്റി > കുവൈത്തിൽ ട്രാഫിക് പരിശോധന വ്യാപകമാക്കി. രാജ്യത്ത് ട്രാഫിക് ഉദ്യോഗസ്ഥര് നടത്തിയ പരിശോധനകളില് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് മാത്രം 43,098 ട്രാഫിക് നിയമലംഘനങ്ങള് രേഖപ്പെടുത്തിയതായി അധികൃതര് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര് സെക്രട്ടറി മേജര് ജനറല് യൂസഫ് അല്ഖുദയുടെ മേല്നോട്ടത്തില് ജനറല് ട്രാഫിക് ഡിപ്പാര്ട്ട്മെന്റിനു കീഴിലുള്ള ഓപ്പറേഷന്സ് സെക്ടര് നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ജൂലൈ 20 മുതല് 26 വരെയുള്ള കണക്കാണിത്. ലൈസന്സില്ലാതെ വാഹനമോടിച്ച പ്രായപൂര്ത്തിയാകാത്ത 83 കുട്ടികളെ ജുവനൈല് പ്രോസിക്യൂഷന് റഫര് ചെയ്തു. 93 വാഹനങ്ങള് നിയമവിരുദ്ധമായി ഗ്ലാസ്സുകളില് സ്റ്റിക്കറുകള് ഒട്ടിച്ചതിനാൽ പൊലിസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാത്ത ഗുരുതരമായ ലംഘനങ്ങളുടെ പേരില് വാഹനങ്ങള് പിടിച്ചെടുത്തു. 56 മോട്ടോര്സൈക്കിളുകള് കണ്ടുകെട്ടി. രാവിലെ 11 മുതല് വൈകുന്നേരം നാലു മണി വരെയുള്ള മോട്ടോര് സൈക്കിള് നിരോധന കാലയളവ് ലംഘിച്ചതിനാണ് ബൈക്കുകള് പിടികൂടിയത്.
ഗുരുതരമായ നിയമലംഘനങ്ങള്ക്ക് 36 വ്യക്തികളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരം ഗുരുതരമായ നിയമലംഘനങ്ങള് നടത്തിയ 46 വാഹനങ്ങള് പിടിച്ചെടുക്കുന്നതിനും മോഷ്ടിച്ച വാഹനം വീണ്ടെടുക്കുന്നതിനും ട്രാഫിക് പരിശോധനകള് കഴിഞ്ഞതായി അധികൃതര് വ്യക്തമാക്കി. ഏഴ് റസിഡന്സി നിയമ ലംഘകരെയും വഞ്ചനാ കേസില് ശിക്ഷിക്കപ്പെട്ട നാല് പ്രവാസികളെയും അറസ്റ്റു ചെയ്തു.
Add Comment