റിയാദ് > സമത്വത്തിനും സ്വാതന്ത്ര്യത്തിനും പൊരുതുന്ന സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെടുന്ന തൊഴിലാളികളുടേയും ആശയും ആവേശവും മാതൃകയും വഴികാട്ടിയുമായിരുന്ന കേരളത്തിന്റെ വിപ്ലവനായിക കെ ആര് ഗൗരിയമ്മയുടെ നിര്യാണത്തില്‍ കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു.
ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. മര്‍ദ്ദിതരുടെ വിമോചനത്തിനായി പോരാടുകയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി എന്നും ശബ്ദമുയര്‍ത്തുകയും ചെയ്ത ഗൗരിയമ്മ സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് നിരീക്ഷിച്ചിരുന്നു.
തലമുറകള്‍ക്ക് വഴിവിളക്കായ ഗൗരിയമ്മ എന്നും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അതിനുവേണ്ടി പോരാടാനും മുന്‍പന്തിയിലുണ്ടായിരുന്നു. ഗൗരിയമ്മയുടെ വേര്‍പാട് കേരള സമൂഹത്തിന് ഒന്നാകെയും അടിച്ചമര്‍ത്തലിനെതിരെ പോരാടുന്ന സ്ത്രീകളുള്‍പ്പെടെയുള്ള എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും തീരാനഷ്ടമാണെന്നും കേളി സെക്രട്ടറിയറ്റിന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
Add Comment