തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ നാടിന് പ്രിയപ്പെട്ടവരായ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസിന്റെ ക്രിമിനൽ സംഘം വെട്ടിക്കൊന്ന നടുക്കുന്ന വാർത്ത കേട്ടാണ് തിരുവോണനാൾ കേരളം ഉണർന്നത്. ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ്, തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് എന്നിവരെ രാത്രി വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ ബൈക്ക് തടഞ്ഞ് തലങ്ങും വിലങ്ങും വെട്ടിയരിയുകയായിരുന്നു. ഇവർ മരിച്ചുവെന്ന് ഉറപ്പാക്കിയാണ് കോൺഗ്രസ് ക്രിമിനലുകൾ മടങ്ങിയത്. സാമൂഹ്യപ്രതിബദ്ധതയുള്ള രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ട്.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന തേമ്പാംമൂട് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റമാണ് ആക്രമണത്തിന് കാരണം. ജനങ്ങളുടെ ഏത് പ്രശ്നത്തിലും ഓടിയെത്തുന്ന ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും ഇല്ലാതാക്കി ഡിവൈഎഫ്ഐയുടെയും സിപിഐ എമ്മിന്റെയും വളർച്ച തടയാം എന്ന് അക്രമികൾ കരുതി. ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിനെ കഴിഞ്ഞ പെരുനാൾ തലേന്ന് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘമാണ് ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളത്ത് സിപിഐ എം പ്രവർത്തകൻ സിയാദിനെ കോൺഗ്രസ് കൊന്നതിന്റെ ചോരയുണങ്ങും മുമ്പാണ് വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം.
രാഷ്ട്രീയ എതിരാളികളോട് അസഹിഷ്ണുത പുലർത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്കാരമാണ്. ഡൽഹിയിലെ സിഖ് കൂട്ടക്കൊലയടക്കം എത്രയോ സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടാം. കേരളത്തിൽ മൊയാരത്ത് ശങ്കരനും കുഞ്ഞാലിയുമടക്കം എത്രയോ ഇടതുപക്ഷക്കാർ കോൺഗ്രസിന്റെ കൊലക്കത്തിക്കിരയായി. ഗ്രൂപ്പ് പോരിൽ സ്വന്തം പാർടിക്കാരെ കൊന്നുതള്ളിയ ചരിത്രവും കോൺഗ്രസിനുണ്ട്.
വെഞ്ഞാറമൂട് സംഭവം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പിടിയിലായവരെല്ലാം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന് ജനപിന്തുണ വർധിക്കുന്നത് കോൺഗ്രസിനെ അസഹിഷ്ണുക്കളാക്കുകയാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവുമെല്ലാം സർക്കാരിനെതിരെ നടത്തുന്ന അധിക്ഷേപങ്ങൾ ഇതിന് തെളിവാണ്. സിപിഐ എം വിരോധവും അസഹിഷ്ണുതയും കുത്തിവച്ച് അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് അവർ. വെഞ്ഞാറമൂട് സംഭവം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പിടിയിലായവരെല്ലാം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ്. തേമ്പാംമൂട്ടിലെ ക്രിമിനലുകളെ സഹായിക്കാൻ അടൂർ പ്രകാശ് എംപി ഇടപെട്ടതിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിലൂടെ കൊലപാതകത്തിന് പിന്നിലെ ഉന്നതരെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടാൽ രാഷ്ട്രീയമില്ലെന്ന് മാധ്യമ പിന്തുണയോടെ പ്രചരിപ്പിക്കുന്നത് കോൺഗ്രസിന്റെ പതിവാണ്. കൊല്ലപ്പെട്ടവരെ അധിക്ഷേപിക്കാനും അവർക്ക് മടിയില്ല. ഒളിയാക്രമണത്തിലൂടെ ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് തിരിച്ചറിയണം. കൊലക്കത്തി താഴെവച്ച്, സിപിഐ എം വിരോധവും അസഹിഷ്ണുതയും അവസാനിപ്പിച്ച് സാമൂഹ്യപ്രതിബദ്ധതയോടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവർ തയ്യാറാകണം.
പ്രളയത്തിലും ദുരിതത്തിലും രോഗത്തിലും ഓടിയെത്തുന്ന നിസ്വാർഥരായ ഡിവൈഎഫ്ഐ പ്രവർത്തകർ എല്ലാ നാട്ടിലുമുണ്ട്. ഒരു കൊലക്കത്തിക്കും കെടുത്താൻ കഴിയാത്ത ഊർജമാണ് ഈ ചെറുപ്പക്കാരുടെ കൈമുതൽ. ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും സിയാദിന്റെയും രക്തസാക്ഷിത്വം പാഴാകില്ലെന്നതിന് കേരളത്തിന്റെ ഈ പൊരുതുന്ന യൗവനമാണ് ഉറപ്പ്.
പ്രണബ് എന്ന രാഷ്ട്രതന്ത്രജ്ഞൻ
ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയും പ്രമുഖ കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി ഓണനാളിലാണ് നമ്മോട് വിടപറഞ്ഞത്. പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഓഫീസിലെ എൽഡി ക്ലർക്ക് പോസ്റ്റിൽനിന്ന് രാജ്യത്തിലെ പ്രഥമപൗരൻവരെയായി ഉയർന്ന പ്രണബ് ദാ യുടെ ജീവിതം സംഭവബഹുലമായിരുന്നു. ധനമന്ത്രി, വാണിജ്യമന്ത്രി, വിദേശമന്ത്രി, പ്രതിരോധമന്ത്രി, രാജ്യസഭയുടെയും ലോക്സഭയുടെയും നേതാവ്, ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച പ്രണബ് മുഖർജി പ്രധാനമന്ത്രിപദത്തിൽമാത്രം എത്തിയില്ല. പലതവണയും ആ പദവിയോട് അടുത്തുവെങ്കിലും യാഥാർഥ്യമായില്ല. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോഴും 2004 യുപിഎ സർക്കാർ രൂപീകരിച്ചപ്പോഴും പ്രണബ് മുഖർജിയായിരിക്കും പ്രധാനമന്ത്രി പദത്തിലെത്തുക എന്ന് ശ്രുതി പരന്നിരുന്നു. 2012ൽ പ്രസിഡന്റ് പദവിയിലേക്ക് മൻമോഹൻസിങ് പോകുമെന്നും പ്രധാനമന്ത്രി സ്ഥാനം തനിക്ക് ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നതായി പ്രണബ് മുഖർജിതന്നെ തന്റെ ആത്മകഥയുടെ മൂന്നാം ഭാഗത്തിൽ പറയുന്നുണ്ട്.
രാഷ്ട്രീയ വിഷയങ്ങളിലും നയങ്ങളിലുമുള്ള ആഴത്തിലുള്ള അറിവും ഓർമശക്തിയും മുഖർജിയുടെ പ്രത്യേകതയാണ്. ബജറ്റിലെ കണക്കുകളും തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദാംശങ്ങളും മുഖർജിയുടെ വിരൽത്തുമ്പിലുണ്ടാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ് 93 മന്ത്രിതല സമിതിയുടെ തലവനായി അദ്ദേഹം നിയമിതനായത്. പാർടിയിലും സർക്കാരിലും ‘ക്രൈസിസ് മാനേജർ’ പ്രണബ്മുഖർജിയായതും ഇതുകൊണ്ടായിരിക്കണം. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് യുപിഎ–-ഇടതുപക്ഷ ഏകോപനസമിതിയിലും കോൺഗ്രസ് കോർഗ്രൂപ്പിലും അദ്ദേഹം അംഗമായിരുന്നു. 23 വർഷം കോൺഗ്രസ് പ്രവർത്തകസമിതിയിലും അംഗമായി. എന്നാൽ, ഒരിക്കലും ജനകീയ നേതാവായിരുന്നില്ല അദ്ദേഹം. ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ 1973ൽ ധന സഹമന്ത്രിയാകുന്നത് രാജ്യസഭാംഗമെന്ന നിലയിലായിരുന്നു. പിന്നീട് 2004 ൽ മാത്രമാണ് പശ്ചിമ ബംഗാളിലെ ജംഗിപ്പുരിൽനിന്ന് ആദ്യമായി ലോക്സഭയിലെത്തുന്നത്.
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതോടെ കോൺഗ്രസ് പാർടിയിൽ തഴയപ്പെട്ട പ്രണബ് മുഖർജി രാജീവ് ഗാന്ധി മന്ത്രിസഭയിലേക്ക് ക്ഷണിക്കപ്പെട്ടില്ല. ഇക്കാലത്താണ് അദ്ദേഹം കോൺഗ്രസ് വിട്ട് രാഷ്ട്രീയ സമാജ്വാദി കോൺഗ്രസ് എന്ന പാർടിക്ക് രൂപം കൊടുത്തത്. എന്നാൽ, ഉടൻതന്നെ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഒന്നാം യുപിഎ സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായത് അമേരിക്കയുമായുള്ള ആണവകരാർ ഒപ്പിട്ടതായിരുന്നു. ആ കരാറിനുവേണ്ടി നിലകൊണ്ട പ്രണബ് മുഖർജി വിദേശമന്ത്രിപദത്തിലിരിക്കെ കൈവരിച്ച ഏറ്റവും വലിയ നേട്ടമായി കരാറിനെ വിലയിരുത്തുകയും ചെയ്തു. അതുപോലെതന്നെ 2018 ജൂണിൽ ആർഎസ്എസ് ആസ്ഥാനത്തെത്തി ചടങ്ങിൽ പങ്കെടുത്തതും ഏറെ വിവാദമുയർത്തുകയുണ്ടായി.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരിലൊരാളെയാണ് മുഖർജിയുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
Add Comment