Pravasam

ഗാസയ്ക്കുള്ള നാലാമത്തെ സഹായ കപ്പലെത്തിച്ച് യു എ ഇ

ദുബായ് > ഗാസയ്ക്കുള്ള യുഎഇയുടെ നാലാമത്തെ സഹായ കപ്പൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് എത്തിച്ചു. ഈജിപ്ഷ്യൻ അധികൃതരുമായി ചേർന്നാണ് കപ്പലെത്തിച്ചത്. ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള യുഎഇയുടെ ശ്രമമായ ഓപ്പറേഷൻ “ചൈവൽറസ് നൈറ്റ് 3” യുടെ ഭാഗമാണിത്.

ജൂലൈ 8 ന് ഫുജൈറയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ചരക്കുകളുടെ അളവും വിതരണത്തിൻ്റെ വൈവിധ്യവും കണക്കിലെടുത്ത് ഗാസയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ സഹായ ശ്രമമാണിത്. 4,134 ടൺ ഭക്ഷണപ്പൊതികൾ, 145 ടൺ അരിയും മാവും, 200,000 പാക്കേജുകളിലായി 110 ടൺ വെള്ളവും 4,000-ലധികം ടെൻ്റുകളുമടക്കം 5,340 ടൺ അവശ്യ ദുരിതാശ്വാസ വസ്തുക്കളാണ് കപ്പലിൽ ഉള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി 42,000 ആരോഗ്യ പാക്കേജുകൾ, 18 ടൺ കാലാവസ്ഥയെ പ്രതിരോധിക്കുന്ന കവറുകൾ, 1,600 ദുരിതാശ്വാസ ബാഗുകൾ എന്നിവയും ഉൾപ്പെടുന്നു.

ഈ പ്രവർത്തനത്തിൽ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടും. ആറ് ഡീസലിനേഷൻ പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 600,000-ത്തിലധികം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന പ്ലാൻ്റിൽ പ്രതിദിനം 1.2 ദശലക്ഷം ഗാലൻ വെള്ളം ഉത്പാദിപ്പിക്കുന്നുണ്ട്. വടക്കൻ ഗാസയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് 3,382 ടൺ സഹായം എയർഡ്രോപ്പ് ചെയ്യുന്നതിനായി യുഎഇ ഓപ്പറേഷൻ “ബേർഡ്സ് ഓഫ് ഗുഡ്നെസ്” ആരംഭിച്ചിട്ടുണ്ട്.