Kerala

ഗുണ്ടാ ആക്രമണ കേസിൽ പ്രതിയായ ഡിവൈ.എസ്.പി ഹംസയ്ക്ക് സസ്പെൻഷൻ

കോഴിക്കോട്: ആശുപത്രിയിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി ഹംസയെയാണ് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

സെപ്റ്റംബര്‍ മാസം 20 ന് രാത്രിയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച്‌ മുക്കം – മാനാശ്ശേരി സ്വദേശിയായ നവീന്‍ എന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച്‌ അവശനാക്കിയ കേസിലാണ് വി ഹംസ അവസാനം പ്രതിയായത്. മര്‍ദ്ദിച്ചതു കൂടാതെ നവീനില്‍ നിന്നും ഭീഷണിപ്പെടുത്തി 50000 രൂപ ഗൂഗിള്‍പെ വഴി വാങ്ങുകയും ചെയ്തു. ബീച്ച്‌ ആശുപത്രി പരിസരത്തുവെച്ചും ഒമ്ബത് പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചുവെന്നാണ് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

കേസിലെ മൂന്നാം പ്രതിയാണ് വി ഹംസ. പരാതിക്കാരനായ നവീനെ കാറില്‍ വെച്ച്‌ മര്‍ദ്ദിക്കുമ്ബോള്‍ ഹംസയും മറ്റ് പ്രതിക്കൊപ്പമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹംസ തന്റെ പദവിക്ക് ചേരാത്ത വിധത്തില്‍ പെരുമാറുകയും അച്ചടക്കം ലംഘിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഹംസക്കെതിരെ പല വിധ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ട്.