Kerala

ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന് പ്രേംകുമാര്‍

കൊച്ചി: ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.

സീരിയലുകള്‍ ഷൂട്ട് ചെയ്ത് അതേ ദിവസം തന്നെ കാണിക്കുന്നു എന്നാണ് ആ രംഗത്തുള്ളവര്‍ പറയുന്നത്. അതിനിടെ സെന്‍സറിങ് നടത്താന്‍ സമയമില്ല. ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം എന്നാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാക്കുന്ന തലമുറയെ കുറിച്ചുള്ള ആശങ്കകളാണ് താന്‍ പങ്കുവെയ്ക്കുന്നത്. കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.