Kerala

നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യം ​ഗൗരവമായി കാണുന്നു, കർശന നടപടിയെടുക്കും; ആരോ​ഗ്യ മന്ത്രി

ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യം ​ഗൗരവമായി കാണുന്നുവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സമഗ്ര അന്വേഷണത്തിനായി ആരോ​ഗ്യ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറി നേതൃത്വം വഹിക്കുന്ന വിദ്​ഗധ സംഘത്തെ നിയമിച്ചു. മുതി‌ർന്ന ഡോക്ടർമാർ ഉൾപ്പെടെ ഈ സംഘത്തിൽ ഉണ്ടായിരിക്കും. ഇതിന് പുറമെ ജില്ലാ തല അന്വേഷണവും നടന്നു വരികയാണ്. സംഭവം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന് ആരോഗ്യവകുപ്പും അറിയിച്ചു. സംഭവത്തിൽ പ്രതിക്ഷേധിച്ച് മുസ്ലീം ലീഗും രംഗത്തെത്തി.

എന്നാൽ സ്കാനിം​ഗിൽ സംശയിക്കേണ്ട തരത്തിൽ ഒന്നും കണ്ടെത്തിയില്ലായെന്നും, ആവശ്യമായുള്ള പരിചരണങ്ങളെല്ലാം നൽകിയെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സ്കാനിം​ഗ് ആശുപത്രയിൽ ഇല്ലാത്തത് കൊണ്ട് എല്ലാ തവണയും മറ്റുള്ള സ്ഥാപനവുമായി ടൈ അപ്പ് ഉണ്ടാക്കുകയാണ് ചെയ്യുകയെന്നും സൂപ്രണ്ട് പ്രതികരിച്ചു.

അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്.

ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് ദമ്പതികൾ കേസ് നൽകിയിരിക്കുന്നത്. സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്.

ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് ഡോക്ടർ ഇല്ലാതെയെന്ന് പൊലീസ് കണ്ടെത്തിയത്. രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. റിപ്പോർട്ടിൽ ഡോക്ടറുടെ ഒപ്പും സീലും നൽകിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

About the author

KeralaNews Reporter

Add Comment

Click here to post a comment