Kerala

നവീൻ ബാബു സത്യസന്ധൻ, പി പി ദിവ്യ ചെയ്തത് ക്രിമിനൽ കുറ്റം; കെ സുധാകരൻ

പത്തനംതിട്ട: ക്രിമിനൽ കുറ്റമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ചെയ്തതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാണിച്ചത് അതിക്രൂരതയെന്നും അദ്ദേഹം ആരോപിച്ചു. നവീനിന്റെ മരണം ഓർമ്മിക്കാൻ പോലും സാധിക്കില്ല. കൊലപാതകിയാണ് പി പി ദിവ്യ എന്നും സുധാകരൻ വ്യക്തമാക്കി.

ക്രിമിനൽ കുറ്റമാണ് അവർ ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അപവാദ പ്രചരണമാണ് ആത്മഹത്യക്ക് കാരണം. പൊലീസിന്റെ നടപടി സത്യസന്ധമല്ലെങ്കിൽ നിയമാനുസൃത നടപടിയിലേക്ക് പോകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ആലോചിക്കാൻ പറ്റാത്ത കാര്യമാണ് പി പി ദിവ്യ ചെയ്തത്. ദിവ്യയെ യാത്രയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കളക്ടറോട് താൻ ദിവ്യയെ എന്തിനാണ് അവിടെ ഇരുത്തിയതെന്ന് ചോദിച്ചു. കളക്ടർ ചോദ്യം ചെയ്യേണ്ടതായിരുന്നു. പെട്രോൾ പമ്പ് സംബന്ധിച്ച് ബിനാമി ആരോപണം അങ്ങാടിപ്പാട്ടാണ്. ബിനാമി ആരോപണം സത്യമാണ്. അന്ന് സാജനെ കൊന്ന് കൊലവിളിച്ചത് ഗോവിന്ദൻ മാഷിൻ്റെ ഭാര്യയാണ്. സിപിഐഎം ക്രൂരന്മാരുടെ പാർട്ടിയായതുകൊണ്ടാണ് പി പി ദിവ്യയെ പുറത്താക്കാത്തത്. നവീൻ ബാബുവിനെതിരെയുള്ള ആരോപണം കെട്ട് കഥയാണെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

അതിനിടെ നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതിയിൽ ദുരൂഹതയേറുകയാണ്. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിർണായ ശബ്ദരേഖ പുറത്തുവന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രകാരം ഒക്ടോബർ ആറിന് കൈക്കൂലി നൽകി എന്നാണ് പറയുന്നത്. എന്നാൽ ഒക്ടോബർ ഏഴാം തീയതി രാത്രി 8.26 ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തിൽ പ്രശാന്തൻ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് പറയുന്നില്ല. നവീൻ ബാബുവിനെതിരായ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ പരാതിയിൽ ദുരൂഹതയുണ്ടെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇതിന് ആക്കം നൽകുന്നതാണ് ഫോൺ സംഭാഷണം. നവീനിന്റെ മരണത്തിൽ ജില്ലാ പിപി ദിവ്യയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്.