Kerala

പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി, കെ.എം ഷാജി കോഴ വാങ്ങിയതിന് തെളിവെവിടെയെന്ന് സുപ്രീം കോടതി

മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാനത്തിനും ഇഡിക്കും തിരിച്ചടി. കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജികള്‍ സുപ്രീംകോടതി തള്ളി.

ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുമ്ബോള്‍ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിൻ്റെ വാദം.

2014 ല്‍ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുസ്ലിംലീഗില്‍ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയർന്നത്. എന്നാല്‍ ഇത് പിന്നീട് സിപിഎം ഏറ്റെടുക്കുകയായിരുന്നു. പ്ലസ്ടു ബാച്ച്‌ അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. എന്നാല്‍ 2022 ജൂണ്‍ 19 ന് ഈ കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും സുപ്രീം കോടതിയില്‍ ഹാജരായി. കെഎം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരും ഹാജരായി.

About the author

KeralaNews Reporter

Add Comment

Click here to post a comment