മനാമ > പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബഹ്റൈനും ഇസ്രയേലും ധാരണയിലെത്തി. ഇതോടെ യുഎഇക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായി ബഹ്റൈൻ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ധാരണയായത്. പശ്ചിമേഷ്യയിൽ സമാധാനം കൂടുതൽ ഉറപ്പുവരുത്തുന്നതിനുള്ള ചരിത്രപരമായ മുന്നേറ്റമാണിതെന്നും ഇത് മേഖലയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ വർധിപ്പിക്കുമെന്നും മൂന്നു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ-പലസ്തീൻ തർക്കത്തിൽ നീതിപൂർവകവും സമഗ്രവും നിലനിൽക്കുന്നതുമായ പരിഹാരം നേടാനായി ശ്രമം തുടരും. എല്ലാ മുസ്ലിംകൾക്കും അൽ അക്സാ പള്ളി സന്ദർശിച്ച് പ്രാർത്ഥിക്കാം. കൂടാതെ ജറുസലേമിലെ മറ്റ് പുണ്യസ്ഥലങ്ങൾ എല്ലാ മതങ്ങളിലെയും സമാധാനപരമായി ആരാധിക്കുന്നവർക്കായി തുറന്നു നൽകുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സെ്തംബർ 15ന് വൈറ്റ് ഹൗസിൽ നടക്കുന്ന യുഎഇ-ഇസ്രയേൽ സമധാന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം ബഹ്റൈൻ സ്വീകരിച്ചു. അവിടെവെച്ച് നെതന്യാഹുവും ബഹ്റൈൻ വിദേശ മന്ത്രി അബ്ദുൽ ലത്തീഫ് അൽ സയാനിയും സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെക്കും.
ഈജിപ്ത്, ജോർദാൻ, യുഎഇ എന്നിവയ്ക്ക് ശേഷം ഇസ്രയേലുമായി സമ്പൂർണ നയതന്ത്ര ബന്ധം പുലർത്തുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ. ആഗസ്ത് 13നാണ് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ യുഎഇ തീരുമാനിച്ചത്.
ബഹ്റൈൻ-ഇസ്രയേൽ ധാരണയെ യുഎഇ സ്വാഗതം ചെയ്തു. മേഖലയുടെ സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും വളരെയധികം സഹായകമാകുന്ന ചരിത്രപരവും ചരിത്രപരവുമായ മറ്റൊരു നേട്ടമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Add Comment