India

ബാലികാ ദിനത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി യുനിസെഫ്, 37 കോടി സ്ത്രീ ജനങ്ങൾ ഇരകൾ

പെണ്‍കുട്ടികള്‍ക്കെതിരെ ആഗോള തലത്തില്‍ നടക്കുന്ന ലൈംഗികാതിക്രമം സംബന്ധിച്ച്‌ ‍ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്.

എട്ടിലൊരു പെണ്‍കുട്ടി പതിനെട്ട് വയസ് തികയും മുമ്പേ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നു ജീവിച്ചിരിക്കുന്ന 37 കോടിയിലേറെ സ്ത്രീകളും കുട്ടികളും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്നും യുനിസെഫിന്റെ റിപ്പോർട്ടില്‍ പറയുന്നു. 14 മുതല്‍ 17 വയസുവരെയുള്ള പ്രായത്തിലാണ് കുട്ടികളേറേയും ലൈംഗികാതിക്രമം നേരിടുന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

2010-നും 2022-നുമിടയില്‍ 120 രാജ്യങ്ങളില്‍ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ട്. ഈ വിഷയത്തില്‍ ആദ്യമായാണ് യുനിസെഫ് ആഗോള അവലോകനം നടത്തുന്നത്.

വർധിച്ചുവരുന്ന മനുഷ്യാവകാശലംഘനമെന്നാണ്‌ കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമത്തെ യുനിസെഫ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്‌. അതിക്രമത്തിന്റെ വ്യഥകള്‍ മുതിർന്നാലും അവരുടെ ഉള്ളിലുണ്ടാകുമെന്നതാണ് കാരണം. ലൈംഗികച്ചുവയുള്ള തമാശകള്‍, അഭിപ്രായപ്രകടനങ്ങള്‍, ലൈംഗികദൃശ്യങ്ങളും ലൈംഗികാവയവങ്ങളും കാണിക്കല്‍ തുടങ്ങിയവ ശാരീരികബന്ധമല്ലാത്ത അതിക്രമത്തില്‍പ്പെടും.

പീഡകർ മിക്കവാറും ഇരകളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആത്മമിത്രങ്ങളോ ആകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓഷ്യാനിയയിലാണ് ഇത്തരം അതിക്രമങ്ങള്‍ ഏറെ. ഇവിടത്തെ 34 ശതമാനം സ്ത്രീകളും ലൈംഗികാതിക്രമം നേരിട്ടവരാണ്. സഹാറ മരുഭൂമിക്കു തെക്കുള്ള ആഫ്രിക്കൻ ഭാഗത്ത് 22 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പതിനൊന്നില്‍ ഒരു ആണ്‍കുട്ടിയും പതിനെട്ട് വയസ് തികയും മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്. ബലാത്സംഗത്തിനോ മറ്റുതരത്തിലുള്ള ലൈംഗികാതിക്രമത്തിനോ ഇവർ ഇരകളാകുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.