Kerala

രാജി സന്നദ്ധതയറിയിച്ച് കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനെതിരെ വിമർശനം, ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച്‌ കെ.സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു.

പാലക്കാട്ടെ തോല്‍വിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോല്‍വിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിജയസാധ്യത അട്ടിമറിക്കുന്ന രീതിയില്‍ ശോഭാ സുരേന്ദ്രൻ പ്രവർത്തിച്ചുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. അതേസമയം ഇന്ന് ഉച്ചക്ക് 12 മണിക്ക് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ പോലും കൈയൊഴിഞ്ഞുതുടങ്ങി. പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ഥാനാർഥി നിർണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണം എന്ന വിമർശനമാണ് നേതാക്കള്‍ ഉയർത്തുന്നത്.

പാലക്കാട് വോട്ട് കുറഞ്ഞത് ഗൗരവകരമെന്നാണ് വിലയിരുത്തല്‍.സന്ദീപ് വാര്യർ പാർട്ടി വിട്ടിട്ട് പോലും അമിത ആത്മവിശ്വാസം പുലർത്തിയ നേതൃത്വത്തിന്‍റെ നിലപാട് വിനയായെന്നും വിമർശനമുണ്ട്. എന്നാല്‍ തോല്‍‌വിയില്‍ സുരേന്ദ്രന്‍റെ സ്ഥിരം വിമർശകരായ പി.കെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

About the author

KeralaNews Reporter

Add Comment

Click here to post a comment