Kerala

സുപ്രഭാതത്തിലും സിറാജിലും എൽഡിഎഫിൻ്റെ വർഗീയ പരസ്യം, കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ മോഡിഫൈഡ് വേർഷൻ എന്ന് ഷാഫി

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട്‌ എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം വിവാദത്തില്‍.

സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തില്‍ ആകുന്നത്. ‘ഈ വിഷപ്പാമ്ബിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ പരാമർശങ്ങള്‍ ഒക്കെ ഡിലീറ്റ് ചെയ്യാൻ കോണ്‍ഗ്രസ് പറയണമായിരുന്നു. സന്ദീപ് ഇപ്പോഴും ആർ എസ് എസുകാരനാണ്. എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം ആകണം എന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.

സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്‌എസ് വിട്ടിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു .അദ്ദേഹത്തിന്‍റെ അമ്മ ആർഎസ്‌എസിന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്. സംഘപരിവാർ ആശയം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതിന്‍റെ ഔചിത്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇന്ന് കണ്ടത് കാഫിർ സ്ക്രീൻ ഷോട്ടിന്റെ മോഡിഫൈഡ് വേർഷനാണെന്ന് ഷാഫി പറമ്ബില്‍ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ ഇതിനു അനുമതി കൊടുത്തു. ബിജെപി ഈ പരസ്യം കൊടുത്താല്‍ മനസിലാക്കാം. പത്രത്തിന്‍റെ കോപ്പി എംബി രാജേഷിന്‍റെ വീട്ടിലും എകെ ബാലന്‍റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാരിയർ ക്രിസ്റ്റല്‍ ക്ലിയർ ആണെന്ന് പറഞ്ഞത് ആരാണെന്നും അദ്ദേഹം ചോദിച്ചു.