Kerala

ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും ചുമത്തിയിട്ടുണ്ട്.

ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബോബി ചെമ്മണ്ണൂർ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ എന്നും താൻ ഭാരത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നുമായിരുന്നു ഹണി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

അതിനിടെ, ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത് സഹികെട്ടതോടെയെന്നായിരുന്നു ഹണി റോസ് പറഞ്ഞത്. തനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ടെന്നും മുഖമില്ലാത്ത അശ്ലീല പ്രചാരകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞു. നാല് മാസം മുൻപ് ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഒരു ഉദ്‌ഘാടന ചടങ്ങിൽ വെച്ചാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ മോശം പരാമർശം നടത്തിയതെന്നും ഹണി റോസ് പറഞ്ഞു. ആ പരിപാടി കഴിഞ്ഞയുടനെ വീട്ടുകാരുമായി ഈ വിഷയം താൻ ചർച്ച ചെയ്തിരുന്നു. തുടർന്ന് മാനേജരെ വിളിച്ച് ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റം മോശമായി എന്നും ഇനി ആ സ്ഥാപനവുമായി സഹകരിക്കാൻ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. പക്ഷെ അത് കഴിഞ്ഞും അദ്ദേഹം തന്റെ ശരീരത്തെ പറ്റി മോശമായ രീതിയിൽ സംസാരിച്ചുകൊണ്ടിരുന്നു. സഹികെട്ടാണ് താൻ കേസ് ഫയൽ ചെയ്തതതെന്നും ഹണി റോസ് പറഞ്ഞു.

പൊതു വേദികളില്‍ മനഃപൂര്‍വം പിന്തുടര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളില്‍ തന്റെ പേര് ഉപയോഗിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞിരുന്നു. ചടങ്ങുകളില്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചത് ആ വ്യക്തി തന്നെ പിന്തുടര്‍ന്ന് അപമാനിക്കുകയാണ്. ഇത്തരം പുലമ്പലുകളെ അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ അതിനര്‍ത്ഥം പ്രതികരണശേഷി ഇല്ല എന്നല്ലെന്നും ഹണി പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിയുടെ പേര് ഹണി പുറത്തുപറഞ്ഞിരുന്നില്ല.

ബോബി ചെമ്മണ്ണൂരാണ് ആ വ്യക്തി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. ഹണി റോസ് പങ്കുവെച്ച പോസ്റ്റിന് താഴെ പലരും അശ്ലീല കമന്റുമായി എത്തി. ഇതോടെ കമന്റിട്ട മുപ്പതോളം പേര്‍ക്കെതിരെ ഹണി പൊലീസില്‍ പരാതി നല്‍കിയിരുന്നു.