Food

ഒരു ടോസ്റ്റിന് 13,000 രൂപ, കണ്ണുതള്ളാൻ വരട്ടെ കാരണമുണ്ട്…

അവക്കാഡോ കേൾക്കുമ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടും. കാരണം മറ്റൊന്നും അല്ല അതിൻ്റെ വില തന്നെയാണ്. മറ്റ് എല്ലാ പഴവര്‍ഗ്ഗങ്ങളെയും അപേക്ഷിച്ച് കുറച്ച് വില അധികമാണ് അവക്കാഡോയ്ക്ക്. അവക്കാഡോ ഉപയോഗിച്ച് സ്മൂത്തിയും ഗ്വാക്കമോളിയും സാലഡുമെല്ലാം നമ്മുടെ ഇഷ്ട വിഭവങ്ങളുമാണ്. വില കുറച്ച് അധികമാണെന്ന് പറഞ്ഞെങ്കിലും ഒന്നിന് പതിനായിരത്തിന് മുകളിൽ വിലയുണ്ടാകുമെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഗുജറാത്തിലെ സൂറത്തില്‍ ഈയിടെ വിറ്റ ഒരു അവക്കാഡോ ടോസ്റ്റിന് വില 13,000 രൂപയായിരുന്നു. കണ്ണ് ഒന്ന് തള്ളിയോ, എങ്കിൽ നിൽക്ക് അതിന് ഒരു കാരണമുണ്ട് അത് അറിഞ്ഞിട്ട് ബാക്കി ഞെട്ടാം.

ഇന്ത്യയില്‍ ഇതുവരെ വിറ്റതില്‍ വച്ച് ഏറ്റവും വിലകൂടിയ അവക്കാഡോ ടോസ്റ്റാണ് ഗുജറാത്തിലെ സൂറത്തില്‍ വിറ്റത്. ഇൻസ്റ്റാ​ഗ്രാമിൽ ‘foodie_addicted_’ അക്കൗണ്ടിൽ നിന്ന് സുർത്തി മയൂർകുമാർ വസന്ത്‌ലാൽ എന്ന ബ്ലോഗർ പങ്കിട്ട വീഡിയോയിലൂടെയാണ് അവക്കാഡോ ടോസ്റ്റ് ചർച്ച വിഷയമായത്. കുറച്ച് ഒലിവ് ഓയിൽ, സീസണിംഗ്, നാരങ്ങ നീര്, അരിഞ്ഞ അവക്കാഡോ എന്നിവ ചേർത്ത് ഷെഫ് മിക്സ് തയ്യാറാക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ അവക്കാഡോ മാത്രമല്ല ഹൈലൈറ്റ് ആയി നിൽക്കുന്നത്, ഇറക്കുമതി ചെയ്ത ചീസ് ആണ് പ്രധാന ഹൈലൈറ്റ്.

പ്യൂള്‍ എന്ന് പേരുള്ള ഈ അപൂര്‍വ്വയിനം ചീസ് ആണ് ടോസ്റ്റിന് ഇത്രയും വില കൂടാന്‍ കാരണം. ബാൾക്കൻ കഴുതകളുടെ പാലില്‍ നിന്നാണ് പ്യൂൾ ഉണ്ടാക്കിയെടുക്കുന്നത്. കൂടുതൽ രുചിയുണ്ടാകുവാൻ പ്യൂള്‍ ചീസ് വയ്ക്കുന്നു. ഇതിനു മുകളില്‍ നേരത്തെ ഉണ്ടാക്കിയ അവക്കാഡോ മിക്സ് വയ്ക്കും. അതിന് മുകളിലേക്ക് അല്പം എള്ള് വിതറും. ഇതോടെ അവക്കാഡോ ടോസ്റ്റ് റെഡി.

ഏകദേശം, 60% ബാൾക്കൻ കഴുതപ്പാലിൽ നിന്നും 40% ആട്ടിൻ പാലിൽ നിന്നും നിര്‍മിച്ച ഒരു സെർബിയൻ ചീസ് ആണ് പ്യൂൾ ചീസ് അല്ലെങ്കിൽ മഗരെകി സർ. ലോകത്തിലെ ഏറ്റവും വിലകൂടിയ ചീസ് എന്നറിയപ്പെടുന്ന ഈ ചീസിന് ഒരു കിലോഗ്രാമിന് ഏകദേശം 1300 യുഎസ് ഡോളർ വിലയുണ്ട്‌. സെർബിയയിലെ സസാവിക്ക നേച്ചർ റിസർവിലാണ് ചീസ് ഉത്പാദിപ്പിക്കുന്നത്.

ഏകദേശം നൂറോളം പെണ്‍കഴുതകള്‍ മാത്രമേ ബാൾക്കൻ വിഭാ​ഗത്തിൽ ഉള്ളൂ. അതും പ്രതിദിനം ഏകദേശം 1.5-2 ലിറ്റർ പാൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഒരു ദിവസം മൂന്നു പ്രാവശ്യം വരെയാണ് ഇവയെ കറക്കാൻ സാധിക്കുക. പശുവിന്‍പാലിനേക്കാള്‍ കട്ടി കുറവായതിനാല്‍ ഇതുപയോഗിച്ച് കട്ടിയുള്ള ചീസ് ഉണ്ടാക്കാൻ കൂടുതൽ പാൽ ആവശ്യമാണ്. ഒരു കിലോഗ്രാം ചീസ് ഉണ്ടാക്കണമെങ്കില്‍ 25 ലിറ്റർ പാല്‍ ആവശ്യമാണ്. കഴുതകളെ കറക്കണമെങ്കിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളും ആവശ്യമാണ്. പുരാതന കാലം മുതൽ ബാൾക്കൻ പ്രദേശങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ പാലാണ് ഉപയോ​ഗിക്കാറുള്ളത്.