Lifestyle

‘ഹ്യൂമൺ കാൽക്കുലേറ്റർ കിഡ്’; ഒരു ദിവസം കൊണ്ട് ആറ് റെക്കോർഡുകൾ സ്വന്തമാക്കി 14 വയസുകാരൻ

ലോകമെമ്പാടുമുള്ള വ്യക്തികൾ നേടിയ നിരവധി നേട്ടങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ (GWR) ഇടയ്ക്കിടെ പ്രദർശിപ്പിക്കാറുണ്ട്. ഒരു ദിവസം കൊണ്ട് ആറ് റെക്കോർഡുകൾ സ്വന്തമാക്കിയ ‘ഹ്യൂമൺ കാൽക്കുലേറ്റർ കിഡ്’ ആണ് ഇപ്പോൾ ഹൈലൈറ്റ്. മഹാരാഷ്ട്ര സ്വദേശിയായ 14 വയസുകാരനായ ആര്യൻ ശുക്ലയാണ് ആ ഹ്യൂമൺ കാൽക്കുലേറ്റർ കിഡ്. കഴിഞ്ഞ വർഷം അഞ്ച് അക്ക സംഖ്യകൾ മനസ്സിൽ ഏറ്റവും വേ​ഗത്തിൽ കൂട്ടാനെടുക്കുന്ന സമയത്തിലാണ് റെക്കോർഡ് നേടിയത്. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് 14 വയസുകാരൻ ഒരു ദിവസം കൊണ്ട് ആറ് റെക്കോർഡുകള്‍ നേടിയത്.

100 നാലക്ക സംഖ്യകൾ മനസിൽ കൂട്ടാൻ ഏറ്റവും കുറഞ്ഞ സമയം (30.9 സെക്കൻഡ്) എന്ന റെക്കോർഡും ആര്യൻ ശുക്ലയുടെ പേരിലാണ്. 200 നാലക്ക സംഖ്യകൾ കൂട്ടാൻ ഏറ്റവും കുറഞ്ഞ സമയം 1 മിനിറ്റും 9.68 സെക്കൻഡും. 50 അഞ്ചക്ക സംഖ്യകൾ കൂട്ടാൻ ഏറ്റവും കുറഞ്ഞ സമയം 18.71 സെക്കൻഡ്, 20 അക്ക സംഖ്യയെ 10 അക്ക സംഖ്യ കൊണ്ട് ഹരിക്കാൻ 5 മിനിറ്റും 42 സെക്കൻഡും 10 അക്ക സംഖ്യകളുടെ രണ്ട് അഞ്ചക്ക സംഖ്യകളെ ഗുണിക്കാൻ 51.69 സെക്കൻഡ്, 10 അക്ക സംഖ്യകളുടെ രണ്ട് എട്ട് അക്ക സംഖ്യകളെ ഗുണിക്കാൻ എടുത്ത കുറഞ്ഞ സമയം 2 മിനിറ്റും 35.41 സെക്കൻഡുമാണ്. ഈ റെക്കോർഡുകളെല്ലാമാണ് ആര്യൻ ശുക്ലയുടെ പേരിലാണ്.

കാൽകുലേറ്ററിൽ ടൈപ്പ് ചെയ്യുന്നതിനേക്കാൾ വേഗത്തിലാണ് ആര്യൻ കണക്ക് മനസിൽ കൂട്ടുന്നത്. ആറ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയതിന് ശേഷം തൻ്റെ വിജയത്തിന് സഹായിച്ച ചില കാരണങ്ങളെ കുറിച്ചും ആര്യൻ ശുക്ല പറയുന്നു. ദൈനംദിന പരിശീലനം പ്രധാനപ്പെട്ട ഒന്നാണെന്നും അഞ്ച്, ആറ് മണിക്കൂർ പരിശീലനം നടത്താറുണ്ടെന്നുമാണ് ആര്യൻ ജിഡബ്ല്യുആറിനോട് പറഞ്ഞത്. ‘സഹജ യോഗ’ എന്ന മെഡിറ്റേഷൻ ശാന്തമാകാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നുവെന്നും ആര്യൻ പറഞ്ഞു. പരിശീലനം ഇല്ലാത്ത ദിവസങ്ങളിൽ യാത്രയുടെയും വായനയ്ക്കുമൊപ്പം വീഡിയോ ഗെയിമുകളും, ക്രിക്കറ്റും കളിക്കാറാണ് പതിവെന്നും ആര്യൻ ശുക്ല കൂട്ടിച്ചേർത്തു.

ആറാമത്തെ വയസിലാണ് ആര്യൻ മനസിൽ കണക്കൂകൂട്ടാൻ പരിശീലനം ആരംഭിക്കുന്നതെന്ന് ആര്യൻ്റെ അമ്മ പറഞ്ഞു. ആര്യൻ അതിൽ മിടുക്കനായിരുന്നുവെന്നും അമ്മ വ്യക്തമാക്കി. ഗ്ലോബൽ മെൻ്റൽ കാൽക്കുലേറ്റേഴ്സ് അസോസിയേഷൻ്റെ (ജിഎംസിഎ) സ്ഥാപക ബോർഡ് അംഗങ്ങളിൽ ഒരാളാണ് ആര്യൻ. 2022 ൽ 12-ാം വയസിൽ ജർമ്മനിയിൽ നടന്ന മത്സരത്തിൽ ‌മനസ്സിൽ കണക്കുകൂട്ടുന്നതിൽ വേൾഡ് കപ്പ് നേടിയിരുന്നു.