India

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം

ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.

നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരില്‍ പതിനൊന്ന് പേർ സ്ത്രീകളാണ്. അമ്ബതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം.

മഹാകുംഭമേളയ്ക്കായിപ്രയാഗ് രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേർ അബോധവസ്ഥയിലായി, തിരക്കിലമർന്ന് വീണ് ഒട്ടേറെ പേർക്ക് പരിക്കേറ്റു. 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ചിതറിക്കിടക്കുന്ന ചെരുപ്പുകളും വസ്ത്രങ്ങളും

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ആഭ്യന്തരമന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു.സംഭവത്തില്‍ ഉടൻ അന്വേഷണം നടത്താനും ദുരന്തനിവാരണത്തിന് കൂടുതല്‍ സേനകളെ വിന്യസിക്കാനും നിർദേശം നല്‍കിയതായി ഡല്‍ഹി ലഫ്.ഗവർണർ അറിയിച്ചു.

പൊലീസും എൻഡിആർഎഫ് സംഘവും സംയുക്തമായാണ് ദുരന്തനിവാരണപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ലഫ്. ഗവർണർ, മുതിർന്ന രാഷ്ട്രീയനേതാക്കളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എൻ.ജെ.പി ആശുപത്രിയിലെത്തിയിട്ടുണ്ട്.

സ്റ്റേഷനിലെ കനത്ത തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.