Tech

5ജി സർവീസുകൾ ഉടൻ പുറത്തിറക്കാനൊരുങ്ങി ‘വിഐ’

നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം ‘വിഐ’ അവരുടെ 5ജി സർവീസുകൾ ഉടൻ പുറത്തിറക്കാനിരിക്കുകയാണ്. വരും മാസങ്ങളിൽ ഇന്ത്യയിൽ 5ജി പുറത്തിറക്കുമെന്ന് വിഐ അറിയിച്ചുകഴിഞ്ഞു. എയർടെൽ, ജിയോ പോലുള്ള വമ്പന്മാരോടൊപ്പം മത്സരിച്ച് 5ജി വിപണി പിടിച്ചടക്കാനുളള നിശ്ചയദാർഢ്യത്തിൽ തന്നെയാണ് കമ്പനി ഇപ്പോൾ. വരും ദിവസങ്ങളിൽ ഏത് നഗരങ്ങളിൽ സർവീസുകൾ ആരംഭിക്കും എന്ന വിവരങ്ങൾ അടക്കം വിഐ പുറത്തുവിട്ടുകഴിഞ്ഞു.

2024-25ലെ സാമ്പത്തികവർഷത്തിലെ മൂന്നാംപാദ റിപ്പോർട്ടിലാണ് രാജ്യമെമ്പാടും 5ജി സർവീസുകൾ ഉടനാരംഭിക്കുമെന്ന് വിഐ അറിയിച്ചത്. 2025 ഏപ്രിലിൽ വിഐ ഉപഭോക്താക്കൾക്ക് 5ജി നെറ്റ്‌വർക്ക് ലഭിച്ചുതുടങ്ങും. കൃത്യമായ തിയ്യതി വരും ദിവസങ്ങളിൽ അറിയിക്കും. നേരത്തെ 2024 ഡിസംബറിൽ കമ്പനി പരീക്ഷണാർത്ഥം 17 നഗരങ്ങളിൽ 5ജി പുറത്തിറക്കിയിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും ആദ്യം വിഐ 5ജി പുറത്തിറക്കുക. ഡൽഹി, ചണ്ഡീഗഡ്, ബെംഗളൂരു, പട്ന എന്നിവയാണ് ആ നഗരങ്ങൾ. പട്ടികയിൽ ഇതുവരെ കേരളമില്ല. വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങൾ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ കേരളവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

മൂന്ന് വർഷത്തോളമായി തങ്ങളുടെ 5ജി നെറ്റ്‌വർക്ക് പണിപ്പുരയിരുന്നു വിഐ. മെയ് 2022ൽ 5ജി പരീക്ഷണത്തിടെ 5.92Gbps എന്ന ഡൗൺലോഡ് സ്പീഡ് കമ്പനി കൈവരിച്ചിരുന്നു. ബംഗളുരുവിൽ നടന്ന സമാന പരീക്ഷണത്തിൽ 1.2Gbps വേഗതയാണ് കൈവരിച്ചത്. ഉടൻ പുറത്തിറങ്ങുന്ന 5ജി പ്ലാനുകൾ ജിയോയെക്കാളും എയർടെല്ലിനെക്കാളും വില കുറഞ്ഞവയായിരിക്കുമെന്നാണ് വിവരം. എതിരാളികളുടേതിനേക്കാൾ 15 ശതമാനം വില കുറച്ചാണ് പ്ലാനുകൾ അവതരിപ്പിക്കുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്.