കുവൈറ്റ് സിറ്റി > പത്ത് ലക്ഷം പേരിൽ 4 പേർക്ക് മാത്രമുണ്ടാകുന്ന അപൂർവ രക്തഗ്രൂപ്പായ ‘ബോംബെ’ ഗ്രൂപ്പ് രക്തം ദാനം ചെയ്ത് യുവതി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഇബിൻസിനാ ആശുപത്രിയിൽ രണ്ടാഴ്ചിലധികമായി ചികിത്സയിലുള്ള കുട്ടിയുടെ അടിന്തര ശസ്ത്രക്രിയക്കായിയാണ് ബിഡികെ കുവൈറ്റ് രക്തദാനസേനാംഗവും മംഗലാപുരം സ്വദേശിനിയുമായ വിനുത ദയാനന്ദ രക്തദാനം നടത്തിയത്.
2017ൽ വിനുതയുടെ പ്രസവ ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വന്നപ്പോൾ ബിഡികെ പ്രവർത്തകർ ഖത്തറിൽ നിന്നും നിധീഷ് രഘുനാഥ് എന്ന ബോംബെ ഗ്രൂപ്പ് ദാതാവിനെ കുവൈറ്റിലെത്തിച്ച് രക്തദാനം നടത്തിയിരുന്നു. ഇതിനുള്ള സ്നേഹപൂർവമുള്ള കടം വീട്ടൽ കൂടിയായിരുന്നു വിനുതക്ക് ഈ രക്തദാനം. രക്തദാനത്തിനാവശ്യമായ ഹീമോഗ്ലോബിൻ നില ആർജ്ജിക്കുവാൻ രണ്ടാഴ്ചത്തെ തയ്യാറെടുപ്പ് വേണ്ടിവന്നു.
സെപ്തംബർ രണ്ടാം വാരം കുട്ടിയുടെ ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വന്നപ്പോൾ കുവൈറ്റ് ബ്ലഡ് ബാങ്കധികൃതർ ബിഡികെ പ്രതിനിധികളെ ബന്ധപ്പെടുകയും തുടർന്ന് അന്വേഷണം വിനുതയിൽ എത്തുകയുമായിരുന്നു. റോയൽ ഹയാത്ത് ആശുപത്രിയിൽ ടെക്നീഷ്യനായ വിനുത ജോലിത്തിരക്കിനിടയിലും ഭർത്താവിനൊപ്പം വെള്ളിയാഴ്ച രാവിലെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിലെത്തി രക്തം നൽകി.
അടിയന്തിര സാഹചര്യത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മുന്നോട്ടു വന്ന വിനുതയെ ബ്ലഡ് ബാങ്ക് അധികൃതർ ആദരിച്ചു. 1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.
Add Comment