ദുബായ്> തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീമിൽ ഒക്ടോബർ 1ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം മുന്നറിപ്പ് നൽകി. രജിസ്റ്റർ ചെയ്തില്ല എങ്കിൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ ആവർത്തിച്ചു.
ജീവനക്കാരെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ തൊഴിലുടമകൾക്ക് നൽകിയിട്ടുണ്ട്. എങ്കിലും ഇൻഷുറൻസ് സ്കീമിൽ രജിസ്റ്റർ ചെയ്യേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണ് എന്നും മന്ത്രാലയം ഓർമിപ്പിച്ചു. വീട്ടുജോലിക്കാർ, താത്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, പെൻഷൻ ലഭിക്കുന്ന വിരമിച്ചവർ എന്നിവരൊഴികെ സ്വകാര്യ, ഫെഡറൽ മേഖലകളിലെ അർഹരായ എല്ലാ തൊഴിലാളികൾക്കും- പൗരന്മാർക്കും താമസക്കാർക്കും ഈ പദ്ധതി ബാധകമാണ്.
ഇൻവോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) ഇൻഷുറൻസ് പൂൾ വെബ്സൈറ്റ് www.iloe.ae, ILOE സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ, കിയോസ്ക്കുകൾ, ബിസിനസ് സേവന കേന്ദ്രങ്ങൾ, അൽ അൻസാരി പോലുള്ള എക്സ്ചേഞ്ച് കമ്പനികൾ, ബാങ്കുകളുടെ സ്മാർട്ട്ഫോൺ എന്നിവ സന്ദർശിച്ച് തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീമിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
തൊഴിലാളി തുടർച്ചയായി 12 മാസമെങ്കിലും തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീമിൽ വരിക്കാരായിരിക്കുന്നിടത്തോളം കാലം ഇൻഷുറൻസ് നഷ്ടപരിഹാരം ക്ലെയിം ചെയ്യാവുന്നതാണ്. നഷ്ടപരിഹാരം തൊഴിലില്ലായ്മയ്ക്ക് മുമ്പുള്ള അവസാന ആറ് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം എന്ന നിരക്കിൽ കണക്കാക്കുകയും തൊഴിലില്ലായ്മ തീയതി മുതൽ ഓരോ ക്ലെയിമിനും പരമാവധി മൂന്ന് മാസത്തേക്ക് നൽകുകയും ചെയ്യുന്നു.
ഫെഡറൽ ഗവൺമെന്റ് മേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നതാണ് ഈ പദ്ധതി. 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളമുള്ള ഇൻഷ്വർ ചെയ്ത ജീവനക്കാരന്റെ ഇൻഷുറൻസ് പ്രീമിയം പ്രതിമാസം 5ദിർഹമാണ് (വാർഷികം AED60) കൂടാതെ പ്രതിമാസ നഷ്ടപരിഹാരം പ്രതിമാസം 10,000 ദിർഹമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 16,000 ദിർഹത്തിൽ കൂടുതലുള്ള അടിസ്ഥാന ശമ്പളമുള്ളവർക്ക്, ഇൻഷുറൻസ് പ്രീമിയം പ്രതിമാസം 10 ദിർഹം (വാർഷികം 120 ദിർഹം), പ്രതിമാസ നഷ്ടപരിഹാരം ദിർഹം 20,000 വരെയുമാണ്.
Add Comment