തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും ആണ് അവാർഡ്. മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തിൽ പെടുന്നതാണ് കൃതി. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയുള്ളതാണ് കാട്ടൂർക്കടവ്. ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ അവാർഡ് പ്രഖ്യാപിച്ചു . 1977 മുതൽ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് നൽകിവരുന്ന വയലാർ അവാർഡിൽ 48ാമത്തെ പുരസ്കാര പ്രഖ്യാപനമാണിത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി. 1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വയലാർ അവാർഡ് അശോകൻ ചരുവിലിൻ്റെ കാട്ടൂർക്കടവിന്
2 months ago
46 Views
1 Min Read
Add Comment