തിരുവനന്തപുരം: വൻ പ്രതിഷേധത്തിനു ഒടുവിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി. എന്നാൽ പേരിനു മാത്രം മാറ്റിയെന്ന ആരോപണം കനക്കുകയാണ്. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിട്ടും അതൊന്നും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വർത്താകുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആർ അജിത് കുമാറിൻ്റെ മാറ്റം മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിർത്താനും ഫയലിൽ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്കൂർ നീണ്ട മാരത്തണ്‍ യോഗത്തിന്‍റെ തുടർച്ചയായി ശനിയാഴ്ചയും മണിക്കൂറുകള്‍ നീണ്ട ചർച്ചക്കൊടുവിലാണ് റിപ്പോർട്ടിന് അന്തിമരൂപമായത്. റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചതിന് പിന്നാലെ ഇന്നലെ ശബരിമല അവലോകനയോഗത്തില്‍നിന്ന് എ.ഡി.ജി.പിയെ മാറ്റിനിർത്തിയിരുന്നു.
എഡിജിപിയെ മാറ്റിയ രീതിയിൽ എൽഡിഎഫ് ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നടപടി വൈകിപ്പോയെന്ന് സിപിഐയും ആർജെഡിയും പറയുന്നു. പേരിനുള്ള മാറ്റത്തിന് എന്തിനു ഒരു മാസമെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം, മനോജ് എബ്രഹാമിന് ഉടൻ ഇൻ്റലിജൻസ് ഒഴിയാൻ ആകില്ല. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ പകരം ചുമതല നൽകാതെ ഒഴിയാൻ ആവില്ല. അടിയന്തര പ്രമേയങ്ങളിലെ മറുപടിയും സഭ ചോദ്യങ്ങളുടെ മറുപടിയും ഒക്കെ തയാറാവേണ്ട സമയത്ത് ഇൻ്റലിജൻസ് മേധാവിയെ മാറ്റുക എളുപ്പമല്ല. എംആർ അജിത്കുമാർ ക്രമസമാധാന ചുമതലയിലേക്ക് വീണ്ടും എത്തുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
Add Comment