തിരുവനന്തപുരം: നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. ബലാത്സംഗ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നില്ല. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാമെന്ന് ഇമെയിൽ വഴി സിദ്ധിഖ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് മറുപടിയായി സിദ്ദിഖിനോട് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെടുകയാണ് ഉണ്ടായത്. തിരുവനന്തപുരത്താണ് ചോദ്യം ചെയ്യൽ നടക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറാണ് സിദ്ദിഖിനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചേക്കും. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം. ഇതിനിടെയാണ് പ്രത്യേക സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്.
യുവനടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ പ്രത്യേക സംഘം കോടതി വഴി രഹസ്യമൊഴിയെടുത്തിരുന്നു. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസിൽ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് സിദ്ദിഖിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്. ഏഴ് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം സുപ്രിംകോടതിയിൽ നിന്ന് ലഭിച്ച ഇടക്കാല ആശ്വാസത്തിലാണ് ചോദ്യം ചെയ്യാൻ താൻ തയ്യാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ അറിയിച്ചത്.
Add Comment