Kerala

അര്‍ധരാത്രിയില്‍ കോഴിക്കോട് പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആക്രമണം, പോലീസ് കേസ്‌

കോഴിക്കോട്: അര്‍ദ്ധ രാത്രിയില്‍ പെട്രോള്‍ പമ്ബിലെ ജീവനക്കാര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. ജീപ്പില്‍ ഇന്ധനം നിറക്കാനെത്തിയ യുവാവാണ് ആക്രമണം നടത്തിയത്.

താമരശ്ശേരി ചുങ്കത്തെ ഡ്യൂസ് ആന്റ് കമ്ബനി എന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്ബിലാണ് ഇന്നലെ രാത്രി 11.45ഓടെ അനിഷ്ട സംഭവങ്ങള്‍ നടന്നത്.

പമ്ബിലെ ജീവനക്കാരായ അടിവാരം സ്വദേശി റ്റിറ്റോ, തച്ചംപൊയില്‍ സ്വദേശി അഭിഷേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശ്ശേരി കെടവൂര്‍ സ്വദേശി യുനീഷ് ആണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ജീപ്പുമായി പമ്ബിലെത്തിയ യുവാവ് തന്റെ കൈയ്യില്‍ 100രൂപയേ ഉള്ളൂവെന്നും ആ തുകക്ക് ഡീസല്‍ അടിക്കാനും നിര്‍ദേശിച്ചു. ഇന്ധനം നിറച്ച ശേഷം ഓണ്‍ലൈന്‍ ഇടപാടായതിനാല്‍ റ്റിറ്റോ ഗൂഗിള്‍ പേ മെഷീനില്‍ തുക രേഖപ്പെടുത്തി. എന്നാല്‍ 100 എന്നതിന് പകരം മെഷീനില്‍ 1000 എന്ന് തെറ്റായി രേഖപ്പെടുത്തി പോവുകയായിരുന്നു.

ഇത് തിരിച്ചറിഞ്ഞ റ്റിറ്റോ തിരുത്താന്‍ ശ്രമിച്ചെങ്കിലും യുവാവ് തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി റ്റിറ്റോയെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ അഭിഷേകിനെയും മര്‍ദ്ദിച്ചു. മറ്റ് യാത്രക്കാരും പരിസരത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് യുനീഷിനെ പിടിച്ചുമാറ്റിയത്. അതിനിടയില്‍ പമ്ബില്‍ തീ അണയ്ക്കാനായി സൂക്ഷിച്ചിരുന്ന മണല്‍ ഇയാള്‍ നിലത്തെറിഞ്ഞ് നശിപ്പിച്ചതായും പരാതിയുണ്ട്. പെട്രോള്‍ പമ്ബ് ഉടമ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.