Kerala

ലക്ഷത്തിലേറെപ്പേരുടെ പേരിൽ പൊരുത്തക്കേട്; റേഷന്‍ കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടുകളാണ് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കാൻ കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. എന്നാൽ അതില്‍ കൂടിയാല്‍ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനും ഉണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവരുമുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താന്‍ സാധ്യതയുണ്ട്. റേഷന്‍ കടകളില്‍ അതിന് സൗകര്യമില്ലാത്തതും വെല്ലുവിളിയാണ്.

About the author

KeralaNews Reporter

Add Comment

Click here to post a comment