Kerala

ഇന്ന് വിശദമായി ചോദ്യം ചെയ്യാതെ സിദ്ദിഖിന്റെ മടക്കം; ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദേശം

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായ നടൻ സിദ്ദിഖ് മടങ്ങി. രണ്ടര മണിക്കൂറിന് ശേഷമാണ് സിദ്ദിഖ് മടങ്ങിപ്പോയത്. എന്നാല്‍ ബലാത്സംഗ കേസിൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. ഈ  മാസം 12 ശനിയാഴ്ച വീണ്ടും ഹാജരാകാനും സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. 

ബലാത്സം​ഗ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നില്ല. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാമെന്ന് ഇമെയിൽ വഴി സിദ്ധിഖ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് മറുപടിയായി സിദ്ദിഖിനോട് ഇന്ന് ഹാജരാകാൻ അന്വേഷണ സം​ഘം ആവശ്യപ്പെടുകയാണ് ഉണ്ടായത്.

മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് 2016ൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസിൽ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് സിദ്ദിഖിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്. ഏഴ് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം സുപ്രിംകോടതിയിൽ നിന്ന് ലഭിച്ച ഇടക്കാല ആശ്വാസത്തിൽ ചോദ്യം ചെയ്യാൻ താൻ തയ്യാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment