Kerala

സ്വകാര്യ ഫോട്ടോ ഉപയോഗിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തി: കൊടി സുനിയുടെ സഹായിയടക്കം അറസ്റ്റിൽ

കോഴിക്കോട്: വ്യവസായിയുടെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ചും വധഭീഷണി മുഴക്കിയും 10ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി

കാക്ക രഞ്ജിത്തിനെ കൂടാതെ പരാതിക്കാരനായ വ്യവസായിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്‍ അക്ബര്‍(27), കൂട്ടാളി അന്‍സാര്‍(31) എന്നിവരാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. ഇവര്‍ ഇരുവരും തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശികളാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കൊടി സുനിയുടെ സംഘാംഗവും കുപ്രസിദ്ധ കുറ്റവാളിയുമായ കാക്ക രഞ്ജിത്ത് സ്വര്‍ണ്ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെ 25ഓളം കേസുകളില്‍ പ്രതിയാണ്.

മുക്കം സ്വദേശിയായ വ്യവസായിയെയും കുടുംബത്തിനെയും കൊല്ലുമെന്നും ഇയാളുടെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കുകയും വീണ്ടും വന്‍തുകയ്ക്കായി ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ കൊടുവള്ളി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൂന്ന് പേരും പിടിയിലായത്.

കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് താമരശ്ശേരി ഡിവൈ എസ്പി പി പ്രമോദിന്റെ നേതൃത്വത്തില്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെപി അഭിലാഷ്, എസ്‌ഐ ബേബി മാത്യു, എഎസ്‌ഐ ലിയ, എസ്‌സിപിഒമാരായ അനൂപ് തറോല്‍, സിന്‍ജിത്, രതീഷ്, സിപിഒമാരായ ഷഫീഖ് നീലിയാനിക്കല്‍, ജിതിന്‍ കെജി, റിജോ, ശ്രീനിഷ്, അനൂപ് കരിമ്ബില്‍, രതീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

About the author

KeralaNews Reporter

Add Comment

Click here to post a comment