Uncategorized

ഹരിയാനയിൽ കോൺഗ്രസിന് വൻ ലീഡ്

ഹരിയാനയില്‍ ഭൂപിന്ദർ സിങ് ഹൂഡ നയിക്കുന്ന കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച്‌ ആദ്യഘട്ട വിധികള്‍.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 60 ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. വെറും 19 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിയുള്ളത്. ജെജെപി നാല് സീറ്റുകളിലേക്കും ഇന്ത്യൻ നാഷണല്‍ ലോക്ദള്‍ 2 സീറ്റിലും മുന്നേറുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പടക്കം പൊട്ടിച്ച്‌ പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കോണ്‍ഗ്രസിനൊപ്പം ചേർന്ന് മത്സരിച്ച സിപിഐഎം നേതാവ് ഓം പ്രകാശ്, ഭിവാനി മണ്ഡലത്തില്‍ മുന്നിലാണ്.

ജുലാന മണ്ഡലത്തില്‍ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് മുന്നിലാണ്. ഇതോടെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനും വിനേഷിന്റെ കണ്ണീരിനുമൊപ്പമാണ് ഹരിയാന എന്നുകൂടിയാണ് ഈ വിധി സൂചിപ്പിക്കുന്നത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ മാത്രമല്ല, കർഷക പ്രക്ഷോഭങ്ങളും അഗ്നിവീർ പദ്ധതിയും ബിജെപിക്ക് തിരിച്ചടിയായി.

ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോള്‍, ഹരിയാനയിലെ ബിജെപി ഭരണത്തെ തള്ളി ജനം കോണ്‍ഗ്രസിനൊപ്പം നിന്നു. എന്നാല്‍ ആം ആദ്മി പാർട്ടി ചിത്രത്തിലെങ്ങുമില്ല. ഹരിയാന നിയമസഭയില്‍ 90 സീറ്റുകളാണുള്ളത്. 46 സീറ്റ് നേടിയാല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്താം. 67.90 ശതമാനം പോളിങ്ങാണ് ഹരിയാന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.

Content Highlight: Congress lead in Haryana Assembly Election 2024