Kerala

തിരുവമ്പാടി ബസ് അപകടം; ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബസ്സിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ല. ബ്രേക്ക് സിസ്റ്റത്തിനും തകരാറുകളില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. അപകടസമയം എതിര്‍വശത്തുനിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബസ്സില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ശാസ്ത്രീയമായ പരിശോധന നടത്തും.

ഇന്നലെയാണ് പുല്ലൂരാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മുത്തപ്പന്‍ പുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് തല കീഴായി പുഴയിലേക്ക് മറിഞ്ഞത്.